പള്ളികൾ, സ്കൂളുകൾ, ആശുപത്രികൾ പോലുള്ള സ്ഥലങ്ങളിൽ നിന്ന് കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞിരുന്ന നയങ്ങൾ ഒഴിവാക്കി ട്രംപ് ഭരണകൂടം. കുടിയേറ്റ നിയമങ്ങൾ നടപ്പിലാക്കുന്ന ഉദ്യോഗസ്ഥർക്ക് സ്‌കൂളുകളും പള്ളികളും പോലുള്ള സെൻസിറ്റീവ് സ്ഥലങ്ങളിൽ നിന്ന് ഇനി മുതൽ കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യാം.
ഒരു ദശാബ്ദത്തിലേറെയായി രണ്ട് പ്രധാന ഫെഡറൽ ഇമിഗ്രേഷൻ ഏജൻസികളായ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെൻ്റ്, കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ എന്നിവയ്ക്ക് സെൻസിറ്റീവ് സ്ഥലങ്ങളിൽ നടപടികൾക്ക് നിയന്ത്രണം ഉണ്ടായിരുന്നു. എന്നാൽ ചൊവ്വാഴ്ചയാണ് ഈ നിയന്ത്രണം ഒഴിവാക്കി കൊണ്ടുള്ള മാർഗ്ഗനിർദ്ദേശം വന്നത്. അറസ്റ്റ് ഒഴിവാക്കാൻ കുറ്റവാളികൾക്ക് ഇനി അമേരിക്കയിലെ സ്കൂളുകളിലും പള്ളികളിലും ഒളിക്കാൻ കഴിയില്ലന്ന് ഡിപ്പാർട്ട്മെൻ്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞു. കുടിയേറ്റത്തിനെതിരെയുള്ള ട്രംപിൻ്റെ ശക്തമായ നടപടികളുടെ ഭാഗമാണ് ഇത്.പുതിയ നടപടിയെ വിർമശിച്ച് പലരും രംഗത്തെത്തിയിട്ടുണ്ട്. കുടിയേറ്റക്കാർക്ക് വൈദ്യസഹായം ലഭിക്കുന്നതിനെയും അവരുടെ കുട്ടികളുടെ പഠനത്തെയുമെല്ലാം പുതിയ തീരുമാനം ദോഷകരമായി ബാധിക്കുമെന്നാണ് വിമർശനങ്ങൾ ഉയർന്നിട്ടുള്ളത്.