കാനഡയിൽ ഉയർന്ന ജീവിതച്ചെലവ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധി തുടരുന്നതായി സർവ്വെ

By: 600110 On: Jan 24, 2025, 2:34 PM

 

ഉയർന്ന ജീവിതച്ചെലവുകൾ കാരണം കാനഡക്കാർ സാമ്പത്തികമായി ബുദ്ധിമുട്ടുന്നത് തുടരുന്നതായി RBC സർവ്വെ. വർധിച്ചുവരുന്ന ചെലവുകൾ കാരണം ജീവിതനിലവാരം നിലനിർത്താൻ ബുദ്ധിമുട്ടുകയാണെന്ന് RBCയുടെ വോട്ടെടുപ്പിൽ പങ്കെടുത്ത പകുതിയിലധികം പേരും അഭിപ്രായപ്പെട്ടതായാണ് റിപ്പോർട്ട്.

ആർബിസിക്ക് വേണ്ടി നടത്തിയ സർവേയിൽ 48 ശതമാനം പേരും ഇപ്പോഴത്തെ ജീവിതനിലവാരം നിലനിർത്തുക ബുദ്ധിമുട്ടാണെന്നാണ് പ്രതികരിച്ചത്.  48 ശതമാനം പേർ ഇനിയൊരു നല്ല സാമ്പത്തിക ഭാവി ഉണ്ടാകില്ലെന്ന് വിശ്വസിക്കുന്നവരാണ്. പണപ്പെരുപ്പം രണ്ട് ശതമാനത്തിലേക്ക് തിരിച്ചെത്തിയിട്ടും, സാമ്പത്തിക ബുദ്ധിമുട്ട് തുടരുകയാണെന്നും ആർബിസി റിപ്പോർട്ട് കണ്ടെത്തി. തങ്ങളുടെ വരുമാനം മുഴുവൻ അവശ്യ ബില്ലുകൾക്കും ചെലവുകൾക്കുമായി ചെലവാവുകയാണെന്ന് സർവ്വേയിൽ പങ്കെടുത്ത 50 ശതമാനം പേരും പറയുന്നു . 47 ശതമാനം പേർ വർദ്ധിച്ചുവരുന്ന ചെലവുകൾ നേരിടുന്നതിനായി തങ്ങളുടെ എമർജൻസി ഫണ്ടിൽ നിന്നും വിരമിക്കൽ സമ്പാദ്യത്തിൽ നിന്നുമെല്ലാം ഫണ്ട് പിൻവലിക്കേണ്ടതായി വന്നെന്നും പറയുന്നു.സർവേയിൽ പങ്കെടുത്തവരിൽ 60 ശതമാനം പേരും അപ്രതീക്ഷിത ചെലവുകൾ നിർവ്വഹിക്കാൻ ആവശ്യമായ പണമില്ലെന്ന ആശങ്കയിലാണ്.