കാനഡയിൽ നിന്നുള്ള എണ്ണ, വാതകം, വാഹനങ്ങൾ, തടി എന്നിവ അമേരിക്കയ്ക്ക് ആവശ്യമില്ലെന്ന് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ലോക സാമ്പത്തിക ഫോറത്തിലായിരുന്നു ട്രംപിൻ്റെ പ്രഖ്യാപനം. കാറുകൾ നിർമ്മിക്കാൻ കാനഡയുടെ ആവശ്യമില്ല, അവർ അവ ധാരാളം നിർമ്മിക്കുന്നുണ്ട്. അമേരിക്കയ്ക്ക് സ്വന്തമായി കാടുകൾ ഉള്ളതിനാൽ അവരുടെ തടിയും ഞങ്ങൾക്ക് ആവശ്യമില്ല. കാനഡയുടെ എണ്ണയും വാതകവും ആവശ്യമില്ലന്നും അതെല്ലാം മറ്റാരെക്കാളും ഞങ്ങൾക്ക് കൂടുതൽ ഉണ്ടെന്നും ട്രംപ് പറഞ്ഞു.
അമേരിക്കയുടെ എണ്ണ ഇറക്കുമതിയിൽ 60 ശതമാനവും ഗ്യാസ് ഇറക്കുമതിയുടെ 99 ശതമാനവും കാനഡയിൽ നിന്നാണ്. 2022ൽ കാനഡയിൽ നിന്ന് വാഹന കയറ്റുമതിയിൽ 92 ശതമാനവും അമേരിക്കയിലേക്കായിരുന്നു. കനേഡിയൻ ചേംബ് ഓഫ് കൊമേഴ്സിൻ്റെ കണക്ക് പ്രകാരം 3.6 ബില്യൻ ഡോളറിൻ്റെ ചരക്കുകൾ ഓരോ ദിവസവും കാനഡ - അമേരിക്ക അതിർത്തി വഴി കടന്നു പോകുന്നുണ്ടെന്നാണ് കണക്ക്. ഇരു രാജ്യങ്ങളിലുമായി 3.7 ബില്യൻ തൊഴിലുകളും ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. ട്രംപ് 25 ശതമാനം നികുതി നടപ്പാക്കിയാൽ കാനഡയിൽ മാത്രം ആയിരക്കണക്കിനാളുകളുടെ തൊഴിലിനെ ബാധിക്കും. ഇതിനിടെ കാനഡയ്ക്ക് യുഎസിൻ്റെ ഭാഗമാകാമെന്ന നിർദ്ദേശവും ട്രംപ് ആവർത്തിച്ചു. ഫെബ്രുവരി 1-നകം താൻ ചുമത്തിയേക്കാവുന്ന 25 ശതമാനം താരിഫുകളിൽ നിന്ന് രക്ഷപ്പെടാനുള്ള വഴിയാണിതെന്നും ട്രംപ് വ്യക്തമാക്കി . ട്രംപ് താരിഫ് ചുമത്തുകയാണെങ്കിൽ കാനഡയും അതേ നാണയത്തിൽ തിരിച്ചടിക്കുമെന്ന് കനേഡിയൻ സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു.