നോര്‍ത്ത് അമേരിക്കന്‍ ഫിലിം മേക്കേഴ്‌സ് ലിസ്റ്റ്: മികച്ച നഗരങ്ങളില്‍ ആദ്യ അഞ്ചില്‍ ഇടം നേടി കാല്‍ഗറി 

By: 600002 On: Jan 24, 2025, 11:03 AM

 


നോര്‍ത്ത് അമേരിക്കയില്‍ ചലച്ചിത്ര നിര്‍മാതാക്കള്‍ക്ക് ജോലി ചെയ്യാനുള്ള മികച്ച സ്ഥലങ്ങളുടെ പട്ടികയില്‍ ആദ്യ അഞ്ചില്‍ ഇടം നേടിയിരിക്കുകയാണ് കാല്‍ഗറി. മൂവി മേക്കര്‍ മാഗസിനാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. 2024 ല്‍ എട്ടാം സ്ഥാനത്തായിരുന്ന കാല്‍ഗറി ഈ വര്‍ഷം അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു. സിനിമ നിര്‍മിക്കുന്നവര്‍ക്ക് ജീവിക്കാനും ജോലി ചെയ്യാനും ഏറ്റവും അനുകൂല സാഹചര്യമാണ് കാല്‍ഗറി ഒരുക്കുന്നതെന്ന് മൂവി മേക്കര്‍ മാഗസിന്‍ അഭിപ്രായപ്പെടുന്നു. കാല്‍ഗറി സിറ്റിക്കുള്ള അഞ്ചാമത് അംഗീകാരമാണിത്. വളരുന്ന ക്രിയാത്മക സമ്പദ്‌വ്യവസ്ഥയുടെയും ചലിച്ചിത്ര-സൗഹൃദ രീതികളുടെയും തെളിവാണിതെന്ന് കാല്‍ഗറി ഇക്കണോമിക് ഡെവലപ്‌മെന്റ് പറയുന്നു. 

ഫിനാന്‍ഷ്യല്‍ ഇന്‍സെന്റീവ്, ജീവിതച്ചെലവ്, ചലച്ചിത്ര പ്രവര്‍ത്തകരില്‍ നിന്നുള്ള ഫീഡ്ബാക്ക്, ചലച്ചിത്ര നിര്‍മാണത്തിലുള്ള തൃപ്തി, സന്തോഷം ഉള്‍പ്പെടെ നിരവധി മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് റാങ്കിംഗുകള്‍ നിര്‍ണയിക്കുന്നത്. സൗഹൃദപരമായ ബിസിനസ് അന്തരീക്ഷം, വൈവിധ്യമാര്‍ന്ന ചിത്രീകരണ സ്ഥലങ്ങള്‍, അവാര്‍ഡ് ജേതാക്കളായ ചലച്ചിത്ര പ്രവര്‍ത്തകര്‍, ലോകോത്തര അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയാണ് കാല്‍ഗറിയെ മികച്ച സ്ഥാനത്തേക്ക് ഉയര്‍ത്തിയതെന്ന് മൂവി മേക്കര്‍ പറഞ്ഞു. 

പ്രവിശ്യാ സര്‍ക്കാര്‍ ചലച്ചിത്ര മേഖലയ്ക്ക് ഇന്‍സെന്റീവുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. എല്ലാ പ്രൊഡക്ഷനുകള്‍ക്കും 22 ശതമാനം ക്രെഡിറ്റും ആല്‍ബെര്‍ട്ട ആസ്ഥാനമായുള്ള ഉടമകള്‍ക്കും നിര്‍മാതാക്കള്‍ക്കും 30 ശതമാനം ക്രെഡിറ്റും വാഗ്ദാനം ചെയ്യുന്നുണ്ട്.