പ്രവിശ്യ തെരഞ്ഞെടുപ്പ് നേരത്തെ നടക്കുമെന്ന സൂചന നല്‍കി ഒന്റാരിയോ പ്രീമിയര്‍ ഡഗ് ഫോര്‍ഡ്. ഫെബ്രുവരി 27 നായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ബുധനാഴ്ച ഇത് സംബന്ധിച്ച പ്രഖ്യാപനം ഫോര്‍ഡ് നടത്തുമെന്നാണ് സൂചന. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് ഭീഷണിയെ തുടര്‍ന്നാണ് പ്രവിശ്യയില്‍ തെരഞ്ഞെടുപ്പ് നേരത്തെ നടത്താന്‍ ഫോര്‍ഡ് പദ്ധതിയിടുന്നതെന്നാണ് പ്രീമിയറുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ ഭാഗമായി എല്ലാ പ്രോഗ്രസീവ് കണ്‍സര്‍വേറ്റീവ് എംപിപിമാരുമായും ശനിയാഴ്ച 'സൂപ്പര്‍ കോക്കസ് മീറ്റിംഗ്' പ്രീമിയര്‍ വിളിച്ചിട്ടുണ്ട്.
ഡൊണാള്‍ഡ് ട്രംപില്‍ നിന്നുള്ള താരിഫ് ഭീഷണികളുടെ പശ്ചാത്തലത്തില്‍, ആവശ്യമെങ്കില്‍ സാമ്പത്തിക വളര്‍ച്ചയ്ക്കായി തുക ചെലവഴിക്കാന്‍ പ്രവിശ്യയ്ക്ക് വോട്ടര്‍മാരുടെ അഭിപ്രായം അറിയേണ്ടതുണ്ടെന്നും ഫോര്‍ഡ് അറിയിച്ചു. അമേരിക്ക ചുമത്തുന്ന താരിഫുകളോട് ഏകീകൃത പ്രതികരണമാണ് രാജ്യം ലക്ഷ്യമിടുന്നതെന്ന് ഫോര്‍ഡ് പറഞ്ഞു.