കാനഡയില്‍ ഫെബ്രുവരി 1 മുതല്‍ വാഹനങ്ങള്‍ക്ക് വില വര്‍ധിപ്പിക്കാനൊരുങ്ങി ടെസ്‌ല 

By: 600002 On: Jan 24, 2025, 8:52 AM

 


കാനഡയില്‍ തങ്ങളുടെ വാഹനങ്ങള്‍ക്ക് വില വര്‍ധിപ്പിക്കാന്‍ ഒരുങ്ങുകയാണ് ടെസ്‌ല. ഫെബ്രുവരി 1 മുതല്‍ വില വര്‍ധന പ്രാബല്യത്തില്‍ വരുമെന്ന് കമ്പനി അറിയിച്ചു. മോഡല്‍ 3 വാഹനത്തിന്റെ വില 9,000 ഡോളര്‍ വരെ വര്‍ധിപ്പിക്കും. ടെസ്ല മോഡല്‍ Y,X,S വാഹനങ്ങളുടെ വില 4,000 ഡോളര്‍ വരെയായിരിക്കും വര്‍ധിപ്പിക്കുക. എന്നാല്‍ വില വര്‍ധിപ്പിക്കുന്നത് എന്തുകൊണ്ടാണെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. 

ഫെബ്രുവരി 1 മുതല്‍ കാനഡയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം താരിഫ് ചുമത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതോടെ ഇരുരാജ്യങ്ങളും തമ്മില്‍ വ്യാപാര പിരിമുറുക്കം വര്‍ധിച്ച സാഹചര്യത്തിലാണ് ടെസ്ല വില ഉയര്‍ത്തുന്നത്. ജനുവരി തുടക്കത്തില്‍ വാഹനങ്ങളുടെ വില 1,000 ഡോളര്‍ വര്‍ധിപ്പിച്ചതിന് പിന്നാലെ ടെസ്‌ലയുടെ മോഡല്‍ 3,Y  എന്നിവയെ ഫെഡറല്‍ ഇലക്ട്രിക് വെഹിക്കിള്‍ ഇന്‍സെന്റീവിനുള്ള യോഗ്യതയില്‍ നിന്നും പുറത്താക്കിയിരുന്നു. പ്രോഗ്രാം ഫണ്ടിംഗ് തീര്‍ന്നതിനെ തുടര്‍ന്നാണ് ഇവി ഇന്‍സെന്റീവ് ജനുവരി 12 ന് അവസാനിപ്പിച്ചത്. പ്രോഗ്രാം എപ്പോള്‍ പുനരാരംഭിക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കാനഡ വ്യക്തമാക്കിയിട്ടില്ല.