കൺസർവേറ്റീവ് പാർട്ടി അധികാരത്തിൽ എത്തിയാൽ സർക്കാർ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുമെന്ന് കൺസർവേറ്റീവ് പാർട്ടി നേതാവ് പിയറി പൊയ്‌ലിവർ. എന്നാൽ അവർ വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിൽ തനിക്ക് പ്രശ്‌നമില്ലന്നും പിയറി പൊയ്‌ലിവർ പറഞ്ഞു. സർക്കാർ ഉദ്യോഗസ്ഥർ ആഴ്ചയിൽ അഞ്ച് ദിവസവും ഓഫീസിലെത്തി ജോലി ചെയ്യണമെന്ന യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ഉത്തരവുമായി ബന്ധപ്പെട്ട് റേഡിയോ-കാനഡയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് കാലത്ത് തുടക്കമിട്ട വീട്ടിലിരുന്നുള്ള ജോലി അവസാനിപ്പിച്ച് ഉദ്യോഗസ്ഥർ ഓഫീസിലെത്തി ജോലി ചെയ്യണമെന്നായിരുന്നു ട്രംപ് ഉത്തരവിട്ടത്
സർക്കാർ ഉദ്യോഗസ്ഥർ ജോലി ചെയ്യുന്നുണ്ടോ എന്നതാണ് പ്രധാനമെന്നും പൊയ്‌ലിവർ പറഞ്ഞു. ഫെഡറൽ സർക്കാരിനുള്ളിൽ ഇപ്പോൾ ജോലികൾ നടക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. സർക്കാർ ജീവനക്കാർക്ക് വ്യക്തമായ അസൈൻമെൻ്റുകൾ നൽകണമെന്നും അവർ അവരുടെ ജോലികൾ പൂർത്തിയാക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കാനഡയിൽ വളരെയധികം ബ്യൂറോക്രാറ്റുകൾ ഉണ്ടെന്ന് പറഞ്ഞ പൊയ്ലിവർ ഫെഡറൽ പബ്ലിക് സർവീസും വെട്ടിക്കുറയ്ക്കുമെന്ന് വ്യക്തമാക്കി. 110,000 സർക്കാർ ജീവനക്കാരെ നിയമിക്കുക വഴി ഫെഡറൽ ലിബറലുകൾ കമ്മി ഭാഗികമായി ഉയർത്തിയതായും അദ്ദേഹം ആരോപിച്ചു.