വ്യാജ റെന്റല്‍ ലിസ്റ്റിംഗ്  തട്ടിപ്പ്: നിരവധി എഡ്മന്റണ്‍ നിവാസികള്‍ക്ക് 11,000 ഡോളര്‍ നഷ്ടം 

By: 600002 On: Jan 23, 2025, 12:20 PM

 

 

എഡ്മന്റണില്‍ ഓണ്‍ലൈനിലൂടെയുള്ള വ്യാജ റെന്റല്‍ ലിസ്റ്റിംഗ് കാരണം ഇരകള്‍ക്ക് നഷ്ടമായത് 11,000 ഡോളറെന്ന് പോലീസ്. നോര്‍ത്ത് ഈസ്റ്റിലുള്ള 7516 147 അവന്യു എന്ന അഡ്രസിനെക്കുറിച്ച് എഡ്മന്റണ്‍ പോലീസ് സര്‍വീസ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഫെയ്‌സ്ബുക്ക് മാര്‍ക്കറ്റ്‌പ്ലെയ്‌സിലും മറ്റ് ഓണ്‍ലൈന്‍ മാര്‍ക്കറ്റുകളിലും ഈ അഡ്രസിലുള്ള വീട് വാടകയ്ക്ക് നല്‍കുമെന്ന് പരസ്യം നല്‍കിയതായി അധികൃതര്‍ പറഞ്ഞു. 

ഉടമയെന്ന് വിശ്വസിപ്പിച്ച് ആളുകളുമായി തട്ടിപ്പുകാര്‍ സംസാരിച്ചുവെന്നും വീട് നേരിട്ട് കാണാന്‍ അനുവദിച്ചതായും തട്ടിപ്പിനിരയായവര്‍ മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു. വീട് കണ്ട് ഇഷ്ടപ്പെട്ടവര്‍ ലീസില്‍ ഒപ്പിട്ട് നല്‍കിയതായും വീട് നല്‍കാമെന്ന് പറഞ്ഞ സമയത്ത് ഉടമയുമായി ബന്ധപ്പെടാന്‍ സാധിക്കാതെ വരികയും ചെയ്തു. ഇതിനെതുടര്‍ന്നാണ് തങ്ങള്‍ തട്ടിപ്പിനിരയായെന്ന് തിരിച്ചറിയുന്നത്. അപ്പോഴേക്കും തട്ടിപ്പുകാര്‍ പണം തട്ടിയെടുത്ത് അപ്രത്യക്ഷമാകുന്നതായും പരാതിക്കാര്‍ പറഞ്ഞു.  

വാടക വീട് വാങ്ങുവാന്‍ ആഗ്രഹിക്കുന്നവര്‍ ഈ അഡ്രസിനെക്കുറിച്ചും തട്ടിപ്പിനെക്കുറിച്ചും ബോധവാന്മാരാവുകയും ഈ അഡ്രസിലുള്ള പരസ്യങ്ങള്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യാനും പോലീസ് നിര്‍ദ്ദേശിച്ചു. ഈ തട്ടിപ്പ് മൂലം പണം നഷ്ടപ്പെട്ടവര്‍ പോലീസില്‍ അറിയിക്കണമെന്നും അറിയിച്ചിട്ടുണ്ട്.