കൽഗറി നഗരത്തിലെ ജനസംഖ്യാ വളർച്ച മന്ദഗതിയിലാണെങ്കിലും, സമ്പദ്‌വ്യവസ്ഥ ഈ വർഷം അഭിവൃദ്ധി പ്രാപിക്കുമെന്ന് കോൺഫറൻസ് ബോർഡ് ഓഫ് കാനഡയുടെ പ്രവചനം. എണ്ണ വിലയുടെയും ഉത്പാദനത്തിൻ്റെയും കരുത്തിൽ ജി ഡി പി വളർച്ചയിലും കാൽഗറിയായിരിക്കും മുന്നിലെന്നും കോൺഫറൻസ് ബോർഡ് ഓഫ് കാനഡ വ്യക്തമാക്കി.
2025-ൽ 2.8 ശതമാനം ജിഡിപി വളർച്ചയാണ് പ്രതീക്ഷിക്കപ്പെടുന്നത്. കഴിഞ്ഞ വർഷത്തെ രണ്ട് ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ വളർച്ച ദേശീയ മാനദണ്ഡത്തിന് മുകളിലാണെന്ന് റിപ്പോർട്ടിൽ പറയുന്നു. 2026-ൽ സമാനമായ 2.8 ശതമാനം ജിഡിപി വർദ്ധനവ് ഉണ്ടാകും. തുടർന്ന് 2027-29 വരെ രണ്ട് ശതമാനത്തോടടുത്ത് വളർച്ച ഉണ്ടാകുമെന്നും റിപ്പോർട്ടിൽ പ്രവചനമുണ്ട്. കനേഡിയൻ പശ്ചാത്തലത്തിൽ ഇത് നല്ല വളർച്ചാനിരക്ണ്കാ. ദേശീയ ജിഡിപി 2025ൽ 1.5 ശതമാനവും 2026ൽ 1.9 ശതമാനവും 2027–29ൽ 2.1 ശതമാനവും ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായും കോൺഫറൻസ് ബോർഡ് ഓഫ് കാനഡ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ആരംഭിച്ച ട്രാൻസ് മൗണ്ടൻ പൈപ്പ് ലൈൻ വിപുലീകരണം , മറ്റ് പ്രാദേശിക നിർമാണ പദ്ധതികൾ , നഗരത്തിൻ്റെ സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനുള്ള നിരന്തരമായ നീക്കങ്ങൾ തുടങ്ങിയവ കയറ്റുമതിയിൽ ഉണർവ്വുണ്ടാക്കിയേക്കും. ഇതിലൂടെ സമ്പദ് വ്യവസ്ഥയും മുന്നേറുമെന്നാണ് വിലയിരുത്തൽ.