ക്യുബെക്കിലെ പ്രവര്‍ത്തനം ആമസോണ്‍ അവസാനിപ്പിക്കാനൊരുങ്ങുന്നു 

By: 600002 On: Jan 23, 2025, 11:19 AM

 

ക്യുബെക്കില്‍ പ്രവര്‍ത്തിക്കുന്ന ഏഴോളം വെയര്‍ഹൗസുകള്‍ അടച്ചുപൂട്ടുകയാണെന്ന് അറിയിച്ച് ഓണ്‍ലൈന്‍ റീട്ടെയ്ല്‍ ഭീമന്‍ ആമസോണ്‍. രണ്ട് മാസത്തിനുള്ളില്‍ പ്രവര്‍ത്തം അവസാനിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ആമസോണ്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുമ്പോള്‍ ഏകദേശം 1700 സ്ഥിരം തൊഴിലാളികള്‍ക്കും 250 ഓളം താല്‍ക്കാലിക തൊഴിലാളികള്‍ക്കും ജോലി നഷ്ടപ്പെടും. രണ്ട് സോര്‍ട്ടിംഗ് സെന്ററുകള്‍, ഒരു ഫുള്‍ഫില്‍മെന്റ് സെന്റര്‍, മൂന്ന് ഡെലിവറി സ്റ്റേഷനുകള്‍ AMXL എന്ന് വിളിക്കുന്ന ഫെസിലിറ്റി സെന്റര്‍ എന്നിവയാണ് അടച്ചുപൂട്ടുന്നത്. 

അടച്ചുപൂട്ടലുകള്‍ പ്രവിശ്യയിലെ യൂണിയന്റെ സമ്മര്‍ദ്ദവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വാര്‍ത്തകള്‍ ആമസോണ്‍ വക്താവ് ബാര്‍ബറ അഗ്രൈറ്റ് തള്ളിക്കളഞ്ഞു. തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ സേവിംഗ്‌സ് നല്‍കുന്നതിനുള്ള മാര്‍ഗമാണിതെന്ന് അഗ്രൈറ്റ് മാധ്യമങ്ങളോട് പറഞ്ഞു. 

എല്ലാ ജീവനക്കാര്‍ക്കും 14 ആഴ്ചത്തെ ശമ്പളം ഉള്‍പ്പെടംയുള്ള പാക്കേജുകളും ട്രാന്‍സിഷണല്‍ ആനുകൂല്യങ്ങളും ലഭിക്കുമെന്ന് അഗ്രൈറ്റ് പറഞ്ഞു. സീസണല്‍ തൊഴിലാളികള്‍ക്ക് അവരുടെ കരാറിന്റെ അവസാനദിവസം വരെ കോംപന്‍സേഷന്‍ നല്‍കും. 2020 വരെ പ്രവിശ്യയില്‍ ഉപയോഗിച്ചിരുന്ന ബിസിനസ് മോഡല്‍ ഡെലിവറികള്‍ക്കായി അമസോണ്‍ പ്രാദേശിക വ്യാപാര സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തിയുള്ള തേര്‍ഡ് പാര്‍ട്ടി മോഡലിലേക്ക് മടങ്ങുമെന്ന് ആമസോണ്‍ പറഞ്ഞു.