അമേരിക്കയിൽ സ്ഥിരതാമസമാക്കാൻ അഭയാർഥികൾക്ക് നല്കിയ അനുമതി ട്രംപ് ഭരണകൂടം റദ്ദാക്കി

By: 600110 On: Jan 23, 2025, 9:18 AM

 

അമേരിക്കയിൽ  സ്ഥിരതാമസമാക്കാൻ അനുമതി ലഭിച്ച  അഭയാർഥികളുടെ അനുമതി  ട്രംപ് ഭരണകൂടം റദ്ദാക്കി. അമേരിക്കയുടെ അഭയാർത്ഥി പുനരധിവാസ പദ്ധതി താൽക്കാലികമായി നിർത്തിവയ്ക്കുന്നതിനുള്ള സമയപരിധിക്ക് മുൻപ് സ്ഥിരതാമസത്തിന് അനുമതി കിട്ടിയവരുടെ യാത്രയാണ് റദ്ദാക്കിയിരിക്കുന്നത്. ആയിരക്കണക്കിന് അഭയാർത്ഥികളാണ് ഇപ്പോൾ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്. 

പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് തിങ്കളാഴ്ച ഒപ്പുവച്ച എക്‌സിക്യൂട്ടീവ് ഉത്തരവിലായിരുന്നു തീരുമാനം .2021-ൽ അഫ്ഗാനിസ്ഥാനിൽ നിന്ന് അമേരിക്കൻ സൈന്യം പിൻവാങ്ങിയതിന് ശേഷം ബൈഡൻ ഭരണകൂടം രൂപീകരിച്ച പരിപാടിയുടെ ഭാഗമായി യുഎസിൽ പുനരധിവസിപ്പിക്കാൻ അനുമതി നൽകിയ 1,600-ലധികം അഫ്ഗാനികളും ഇതിൽ ഉൾപ്പെടുന്നു. 
താലിബാൻ അധികാരം പിടിച്ചെടുത്തതിന് ശേഷം പലായനം ചെയ്ത അഫ്ഗാനികൾ ഉത്തരവിൽ നിന്ന് തങ്ങളെ ഒഴിവാക്കണമെന്ന് ബുധനാഴ്ച ട്രംപിനോട് അഭ്യർത്ഥിച്ചിരുന്നു.  തങ്ങളുടെ ജീവൻ പണയപ്പെടുത്തി യുഎസ് സൈനികരെ പിന്തുണയ്ക്കുന്നുവെന്ന് അവർ  പറഞ്ഞു. ഏകദേശം 15,000 അഫ്ഗാനികളാണ് യുഎസിൽ പുനരധിവാസത്തിന് അനുമതി ലഭിക്കുന്നതിനായി പാക്കിസ്ഥാനിൽ കാത്തിരിക്കുന്നത്.