കാനഡയിലെ ഡോക്ടർമാരുടെ ക്ഷാമം രൂക്ഷമായതിനാൽ ഓൺലൈനിലൂടെ മെഡിക്കൽ ഉപദേശങ്ങൾ തേടുന്നവരുടെ എണ്ണം കൂടുന്നതായി സർവ്വെ. സർവ്വെയിൽ പങ്കെടുത്ത 37% പേരും മെഡിക്കൽ സേവനങ്ങൾക്ക് ഓൺലൈൻ ആശ്രയിക്കുന്നതായി വ്യക്തമാക്കി. ഓൺലൈനിൽ ആരോഗ്യ വിവരങ്ങൾ തേടുകയല്ലാതെ മറ്റ് മാർഗമില്ലാത്തതിനാലാണ് ഇതെന്നും ഇവർ വ്യക്തമാക്കി. കാനഡയിൽ ഡോക്ടർമാരുടെ ക്ഷാമത്തെ തുടർന്നുള്ള ആരോഗ്യ മേഖലയിലെ പ്രതിസന്ധി കൂടുതൽ വ്യക്തമാക്കുന്നതാണ് സർവ്വെയിലെ വിവരങ്ങൾ.
കനേഡിയൻ മെഡിക്കൽ അസോസിയേഷനും അബാക്കസ് ഡാറ്റയും ചേർന്നാണ് സർവ്വെ നടത്തിയത്. സർവേയിൽ പ്രതികരിച്ചവരിൽ 37 ശതമാനം പേരും ഡോക്ടറെയോ മെഡിക്കൽ പ്രൊഫഷണലിനെയോ സമീപിക്കാൻ കഴിയാത്തതിനാൽ ഓൺലൈനിൽ മെഡിക്കൽ ഉപദേശം തേടിയതായി കണ്ടെത്തി. ഓൺലൈനിൽ കണ്ടെത്തിയ ആരോഗ്യ ഉപദേശം അനുസരിച്ച് പ്രവർത്തിച്ചപ്പോൾ ഇവരിൽ 23 ശതമാനം പേരുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചെന്നും വ്യക്തമായിട്ടുണ്ട്. 3,727 പേരാണ് സർവെയിൽ പങ്കെടുത്തത്.എല്ലാവർക്കും എളുപ്പം സമീപിക്കാവുന്ന സംയോജിതമായൊരു ആരോഗ്യ സംരക്ഷണ സംവിധാനത്തിൻ്റെ ആവശ്യകതയിലേക്കാണ് സർവ്വെയിലെ വിവരങ്ങൾ വിരൽ ചൂണ്ടുന്നത്.