താപനിലയിലുണ്ടായ വ്യതിയാനം മൂലം കുടിവെള്ള പൈപ്പുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ജലവിതരണം തടസ്സപ്പെടുകയും ചെയ്യുന്നത് തുടര്‍ക്കഥയാവുകയാണ് കാല്‍ഗറിയില്‍. അബിഡെയ്ല്‍, ഡീര്‍ റണ്‍, യൂണിവേഴ്‌സിറ്റി ഹൈറ്റ്‌സ്, സ്‌കൈലൈന്‍ വെസ്റ്റ്, ബാന്‍ഫ് ട്രയല്‍, ഹെയ്‌സ്‌ബോറോ, കോറല്‍ സ്പ്രിംഗ്‌സ് എന്നീ കമ്മ്യൂണിറ്റികളില്‍ തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ജലവിതരണത്തില്‍ പ്രതിസന്ധി നേരിടുകയും ചെയ്യുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ചൊവ്വാഴ്ച രാവിലെ 8.30 വരെ 200 ലധികം വീടുകളിലും ആറോളം വ്യാപാര സ്ഥാപനങ്ങളിലും പൈപ്പ് തകരാര്‍ മൂലം ജലദൗര്‍ലഭ്യം അനുഭവപ്പെട്ടതായി സിറ്റി പറഞ്ഞു.
നഗരത്തിലെ നിരവധി കമ്മ്യൂണിറ്റികള്‍ വാട്ടര്‍ മെയിന്‍ ബ്രേക്കുകളുടെ സൈറ്റുകളാണെന്നും ജലവിതരണം പുന:സ്ഥാപിക്കാന്‍ ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സിറ്റി അറിയിച്ചു. ജല വിതരണം മുടങ്ങിയ സ്ഥലങ്ങളിലേക്ക് വാട്ടര്‍ വാഗണുകള്‍ വിന്യസിച്ചിട്ടുണ്ടെന്നും ഇവിടങ്ങളില്‍ വെള്ളമെത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുമെന്നും സിറ്റി വ്യക്തമാക്കി.
തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി കാല്‍ഗറിയില്‍ കനത്ത തണുപ്പാണ് അനുഭവപ്പെടുന്നതെന്ന് എണ്‍വയോണ്‍മെന്റ് കാനഡ പറയുന്നു. തിങ്കളാഴ്ച രാവിലെ കാല്‍ഗറി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ -20 ഡിഗ്രി സെല്‍ഷ്യസാണ് താപനില രേഖപ്പെടുത്തിയത്. ചൊവ്വാഴ്ചയോടെ -1 ഡിഗ്രി സെല്‍ഷ്യസായി താപനില ഉയര്‍ന്നു. താപനിലയിലെ ഈ വ്യതിയാനമാണ് പൈപ്പുകളില്‍ തകരാര്‍ ഉണ്ടാക്കുന്നത്.