യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് കാനഡയിൽ നിന്നുള്ള ഉല്പ്പന്നങ്ങൾക്ക് നികുതി ഏർപ്പെടുത്തിയാൽ അതൊരു തുറന്ന വ്യാപാര യുദ്ധത്തിനിടയാക്കിയേക്കും എന്ന് വിദഗ്ധർ. ട്രംപ് നികുതി ചുമത്തിയാൽ അതേ നാണയത്തിൽ തിരിച്ചടിക്കുമെന്ന് കാനഡയും വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് ഇത്.
ട്രംപ് 25 ശതമാനം നികുതി ചുമത്തിയാൽ ഉണ്ടാകുന്ന പ്രതിസന്ധി കൌണ്ടർ താരിഫുകളിലൂടെ മറികടക്കാൻ കഴിയുമെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. മോണ്ടെബെല്ലോയിൽ മന്ത്രിസഭാംഗങ്ങൾക്കൊപ്പം രണ്ട് ദിവസത്തെ കാബിനറ്റ് റിട്രീറ്റിനായി എത്തിയതായിരുന്നു ട്രൂഡോ. താരിഫുകൾ എങ്ങനെ ഒഴിവാക്കാൻ കഴിയുമെന്നാണ് ഞങ്ങൾ നോക്കുന്നത്. എന്നാൽ താരിഫ് ചുമത്തുന്ന നടപടിയുമായി ട്രംപ് മുന്നോട്ട് പോയാൽ കാനഡയുടെ പ്രതികരണം ശക്തവും വേഗത്തിലുള്ളതുമായിരിക്കുമെന്നും ട്രൂഡോ പറഞ്ഞു.
കാനഡയും അമേരിക്കയും നികുതി യുദ്ധത്തിന് തുടക്കമിട്ടാൽ ഇരു രാജ്യങ്ങളിലും വിലവർദ്ധനയ്ക്ക് ഇടയാക്കുകയും സാധാരണ ജനങ്ങളെ ബാധിക്കുകയും ചെയ്യുമെന്ന് റീട്ടെയിൽ കൌൺസിൽ ഓഫ് കാനഡ അറിയിച്ചു. താരിഫ് ചുമത്തുമ്പോൾ വില കൂടിയേക്കാവുന്ന പ്രധാന ഇനങ്ങൾ ഇനി പറയുന്നവയാണ്. പ്രഭാത ഭക്ഷണ ഇനങ്ങൾ, സൗന്ദര്യ വർദ്ധക വസ്തുക്കൾ, ഫ്രൂട്ട് ജ്യൂസ്, മദ്യം , കാറുകൾ , സീ ഫുഡ്, തുണിത്തരങ്ങൾ, ഷൂസുകൾ തുടങ്ങിയവയ്ക്ക് വില കൂടിയേക്കാൻ സാധ്യതയുണ്ട്. ഫെബ്രുവരി 1-നകം യുഎസ് നോർത്ത് അമേരിക്കൻ അയൽരാജ്യങ്ങൾക്ക് മേൽ താരിഫ് ചുമത്താൻ പദ്ധതിയിട്ടിട്ടുണ്ടെന്ന് എന്നാണ് ട്രംപിൻ്റെ ഓഫീസിൽ നിന്നുള്ള റിപ്പോർട്ടുകൾ