ജിടിഎയില്‍ കൊളിഷന്‍ കാര്‍ജാക്കിംഗ് വര്‍ധിക്കുന്നു; മുന്നറിയിപ്പ് നല്‍കി പോലീസ് 

By: 600002 On: Jan 22, 2025, 10:14 AM

 

 

ഗ്രേറ്റര്‍ ടൊറന്റോ ഏരിയയിലുടനീളം(ജിടിഎ) വര്‍ധിച്ചുവരുന്ന കൊളിഷന്‍ കാര്‍ജാക്കിംഗിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി പോലീസ്. മോഷ്ടാക്കള്‍ മന:പൂര്‍വ്വം മറ്റ് കാറുകളില്‍ ഇടിച്ച് അപകടമുണ്ടാക്കി കാറുകള്‍ മോഷ്ടിക്കുന്ന രീതിയാണ് കൊളിഷന്‍ കാര്‍ജാക്കിംഗ്. ഇടിച്ച വാഹനത്തില്‍ നിന്നും ഡ്രൈവര്‍ കേടുപാടുകള്‍ പരിശോധിക്കാന്‍ പുറത്തിറങ്ങുമ്പോള്‍ മാരകായുധങ്ങളുമായി ഡ്രൈവറെ ഭീഷണിപ്പെടുത്തി കാര്‍ മോഷ്ടിക്കുന്നതായി യോര്‍ക്ക് റീജിയണല്‍ പോലീസ് പറഞ്ഞു. 

ഇത്തരത്തില്‍ കാര്‍ജാക്കിംഗിന്റെ രണ്ട് സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി പോലീസ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം നവംബര്‍ 3ന് വാര്‍ഡന്‍ അവന്യു ആന്‍ഡ് മേജര്‍ മക്കെന്‍സി ഡ്രൈവില്‍ വൈകിട്ട് 7 മണിക്ക് കാര്‍ജാക്കിംഗ് റിപ്പോര്‍ട്ട് ചെയ്തതായി അധികൃതര്‍ പറയുന്നു. അതേസമയം, നവംബര്‍ 20 ന് കിര്‍ഖാം ഡ്രൈവ് ആന്‍ഡ് കറാച്ചി ഡ്രൈവിലാണ് രണ്ടാമത്തെ കാര്‍ മോഷണം നടന്നത്. സംശയാസ്പദമായ രീതിയില്‍ ഒരാള്‍ ബൈക്കിലെത്തുകയും തന്റെ കാഡിലാക് എസ്‌കലേഡില്‍ ഇടിച്ചതായും ഡ്രൈവര്‍ പറയുന്നു. ഇതിനു പിന്നാലെ വാഹനത്തില്‍ നിന്നും ഇറങ്ങിയപ്പോള്‍ രണ്ടുപേര്‍ തോക്കുചൂണ്ടി കാര്‍ മോഷ്ടിച്ചതായി പോലീസ് പറഞ്ഞു. 

വാഹനങ്ങളില്‍ അപരിചിതര്‍ ഇടിച്ച് അപകടമുണ്ടാക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.