ഇലക്ട്രിക് വാഹനങ്ങൾ നിർബന്ധമാക്കാനുള്ള ഉത്തരവ് പിൻവലിക്കുമെന്ന അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ പ്രഖ്യാപനത്തിന് പിന്നാലെ കാനഡയിലും ഈ ആവശ്യം ശക്തമാകുന്നു. 2035-ഓടെ ഗ്യാസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന കാറുകളുടെ വിൽപന ഘട്ടം ഘട്ടമായി അവസാനിപ്പിക്കാനുള്ള കനേഡിയൻ സർക്കാരിൻ്റെ പദ്ധതി പുനഃപരിശോധിക്കണമെന്നാണ് ആവശ്യം ഉയരുന്നത്. ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്നത് കുറയ്ക്കുന്നതിനും ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമായിരുന്നു കനേഡിയൻ സർക്കാർ ഈ പദ്ധതി മുന്നോട്ടു വച്ചത്.
സർക്കാരിൻ്റെ പദ്ധതിയനുസരിച്ച് അടുത്ത വർഷത്തോടെ 20 ശതമാനം വൈദ്യുത വാഹനങ്ങളിലേക്ക് മാറേണ്ടതുണ്ട്. തുടർന്ന് ഘട്ടം ഘട്ടമായി 2035ടെ മുഴുവൻ വൈദ്യുത വാഹനങ്ങളിലേക്ക് മാറുകയാണ് ലക്ഷ്യം. എന്നാൽ ഇത് നടപ്പാക്കുമ്പോൾ ഇപ്പോൾ ഉത്പാദിപ്പിക്കുന്ന സാധാരണ വാഹനങ്ങൾ വരും വർഷങ്ങളിൽ ഉപയോഗശൂന്യമാകുന്ന അവസ്ഥയുണ്ടാകുമെന്ന് ചിലർ പറയുന്നു. കാനഡയിലേത് പോലെ തണുപ്പേറിയ സ്ഥലങ്ങളിൽ വൈദ്യുത വാഹനങ്ങൾ പലപ്പോഴും പ്രായോഗികമായേക്കില്ലെന്നും ചിലർ വാദിക്കുന്നുണ്ട്. താപനില 20 ഡിഗ്രിയിലും താഴേയ്ക്ക് പോകുമ്പോൾ റോഡുകളിൽ ഇത് വരെ വൈദ്യുത വാഹനങ്ങൾ കണ്ടിട്ടില്ലെന്ന് കനേഡിയൻസ് ഫോർ അഫോർഡബിൾ എനർജി സിഇഒ ഡാൻ മക്ടീഗ് പറയുന്നു. ദീർഘകാല പ്രത്യാഘാതങ്ങൾ പരിശോധിക്കാതെയാണ് 2030ടെ മുഴുവനായി വൈദ്യുത വാഹനങ്ങളിലേക്ക് മാറാനുള്ള തീരുമാനം എടുത്തതെന്നും ഡാൻ മക്ടീഗ് ചൂണ്ടിക്കാട്ടി