അധികാരമേറ്റതിന് പിന്നാലെ ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ച ഉത്തരവുകൾ അമേരിക്കയ്ക്ക് പുറമെ മറ്റു ലോക രാജ്യങ്ങളെയും നേരിട്ട് ബാധിച്ചേക്കാവുന്ന സുപ്രധാന തീരുമാനങ്ങളാണെന്നാണ് വിലയിരുത്തൽ. 200ഓളം എക്സിക്യൂട്ടീവ് ഉത്തരവുകളിലാണ് ട്രംപ് ഇതിനോടകം ഒപ്പുവെച്ചിരിക്കുന്നത്. ലോകാരോഗ്യ സംഘടനയിൽ നിന്നും കാലാവസ്ഥാ ഉടമ്പടിയിൽ നിന്നുമുള്ള അമേരിക്കയുടെ പിന്മാറ്റമാണ് ഇതിൽ ഏറ്റവും പ്രധാനം.
കോവിഡും മറ്റു ആരോഗ്യ പ്രതിസന്ധികളും കൈകാര്യം ചെയ്തതിൽ വീഴ്ച സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ലോകാരോഗ്യ സംഘടനയിൽ നിന്നുള്ള പിന്മാറ്റം. ലോകാരാഗ്യ സംഘടനയ്ക്ക് അമേരിക്ക നൽകിവരുന്ന ഫണ്ട് അനാവശ്യ ചിലവാണെന്നാണ് ട്രംപിൻ്റെ നിലപാട്. . അമേരിക്ക പിൻമാറുന്നതോടെ ലോകാരോഗ്യസംഘടനയുടെ പ്രവർത്തനം തന്നെ താളംതെറ്റും. പരിസ്ഥിതി സംരക്ഷണത്തിനായി വിവിധ രാജ്യങ്ങൾ ഒപ്പിട്ട പാരീസ് കാലാവസ്ഥ ഉടമ്പടിയിൽ നിന്നുള്ള പിന്മാറ്റമാണ് മറ്റൊരു സുപ്രധാന തീരുമാനങ്ങളിലൊന്ന്. ഇതോടുകൂടി പരിസ്ഥിതിയെ വിഷമയമാക്കുന്ന വാതകങ്ങൾ പുറം തള്ളുന്നത് കുറയ്ക്കണമെന്ന ബാധ്യതയിൽ നിന്ന് അമേരിക്ക പിന്നോട്ട് പോവുകയാണ്.
2021 ജനുവരി ആറിലെ ക്യാപിറ്റൽ കലാപകാരികൾക്ക് മാപ്പ് നൽകാനും ട്രംപ് ആദ്യ ദിവസം തന്നെ തീരുമാനമെടുത്തു. ട്രംപിൻ്റെ പരാജയം അംഗീകരിക്കാൻ സമ്മതിക്കാതെ ക്യാപിറ്റോൾ മന്ദിരത്തിലേക്ക് ഇരച്ചുകയറി സംഘർഷമുണ്ടാക്കിയ തൻ്റെ അനുയായികൾക്കാണ് ട്രംപ് മാപ്പ് നൽകിയിരിക്കുകയാണ്. പ്രസിഡൻ്റിൻ്റെ സവിശേഷ അധികാരം ഉപയോഗിച്ചാണ് ട്രംപിൻ്റെ നടപടി. ട്രാന്‍സ്‌ജെന്‍ഡർ കമ്മ്യൂണിറ്റിയെ അംഗീകരിക്കില്ലെന്ന പ്രഖ്യാപനവും ട്രംപിൻ്റെ ഭാഗത്ത് നിന്നുണ്ടായി. അമേരിക്കയിൽ ഇനി സ്ത്രീയും പുരുഷനും മാത്രം. മറ്റുള്ളവരെ നിയമപരമായി അനുവദിക്കില്ലെന്നാണ് ട്രംപിൻ്റെ നിലപാട്. 30 ലക്ഷത്തോളം വരുന്ന ട്രാൻസ്ജെൻഡര്‍ കമ്യൂണിറ്റിയ്ക്ക് കനത്ത തിരിച്ചടിയാണ് പ്രഖ്യാപനം
മെക്സിക്കൻ ഉൾക്കടലിൻ്റെ പേര് അമേരിക്കൻ ഉൾക്കടൽ എന്നാക്കി മാറ്റുമെന്നും ട്രംപ് വ്യക്തമാക്കി.പനാമ കനാലിൻ്റെ നിയന്ത്രണം വീണ്ടെടുക്കുമെന്നും ട്രംപ് ആവർത്തിച്ചു. അമേരിക്കയ്ക്ക് പുതിയൊരു സുവർണ്ണ കാലഘട്ടം വാഗ്ദാനം ചെയ്താണ് ട്രംപ് തൻ്റെ രണ്ടാം ഊഴത്തിന് തുടക്കമിടുന്നത്.