കാനഡയില്‍ നിന്നുള്ള ഇറക്കുമതിക്ക് ഫെബ്രുവരി ഒന്ന് മുതൽ 25 ശതമാനം തീരുവ ചുമത്തുമെന്ന് സൂചന നൽകി ഡൊണാൾഡ് ട്രംപ്

By: 600110 On: Jan 21, 2025, 4:01 PM

കാനഡ നിന്നുള്ള ഇറക്കുമതിക്ക് ഫെബ്രുവരി ഒന്ന് മുതൽ 25 ശതമാനം തീരുവ ചുമത്തുമെന്ന് സൂചന നൽകി യു.എസ്. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത് മണിക്കൂറുകൾക്കുള്ളിലാണ് യുഎസിന്റെ രണ്ട് പ്രധാന വ്യാപാര പങ്കാളികളായ കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾക്ക് എതിരായ ട്രംപിൻ്റെ ഭീഷണി. അമേരിക്കയിലേക്കുള്ള നിയമവിരുദ്ധ കുടിയേറ്റവും മയക്കുമരുന്ന് കടത്തും തടയുന്നതിൽ കാനഡയും മെക്സിക്കോയും പരാജയപ്പെട്ടുവെന്ന് ട്രംപ് ആരോപിച്ചു.

കാനഡ, മെക്സിക്കോ, ചൈന എന്നി രാജ്യങ്ങളുടെ തെറ്റായ വ്യാപാര നടപടികളും  കറൻസി സമ്പ്രദായങ്ങളും പരിശോധിക്കാൻ ഫെഡറൽ ഏജൻസികൾക്ക് ട്രംപ് നിർദ്ദേശം നല്കിയേക്കുമെന്ന് റിപ്പബ്ലിക്കൻ പാർട്ടിയോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. എല്ലാ രാജ്യങ്ങൾക്കും ഒരേ താരിഫ് ഏർപ്പെടുത്തുന്ന കാര്യവും ട്രംപിൻ്റെ പരിഗണയിലുണ്ടെന്നാണ് റിപ്പോർട്ട്. ട്രംപ് താരിഫുകൾ 25 ശതമാനമായി നിശ്ചയിച്ചാൽ,ഏകദേശം 37 ബില്യൺ ഡോളറിൻ്റെ കൌണ്ടർ താരിഫുകൾ ചുമത്തിയാകും കാനഡയുടെ പ്രതികരണം. ഇതിനു പുറമെ 110 ബില്യൺ ഡോളറിൻ്റെ അധിക താരിഫുകൾ ഏർപ്പെടുത്താനും സാധ്യതയുണ്ടെന്ന് കാനഡ ഫെഡറൽ ഗവൺമെൻ്റ് വൃത്തങ്ങൾ അറിയിച്ചു. അമേരിക്കൻ തീരുവകൾ കുറവാണെങ്കിൽ,  കൂടുതൽ മിതമായ പ്രതികരണമായിരിക്കും കാനഡയുടെ ഭാഗത്ത് നിന്നും ഉണ്ടാവുക.