വർഷത്തിലെ ഏറ്റവും നിരാശാജനകമായ ദിനം ഒരു തിങ്കളാഴ്ചയാണെന്ന് നിങ്ങൾക്കറിയാമോ? ബ്ലൂ മൺഡേ എന്ന പേരിൽ അറിയപ്പെടുന്ന ഈ ദിനം എല്ലാവർഷവും ജനുവരി മാസത്തിലെ മൂന്നാമത്തെ തിങ്കളാഴ്ചയായാണ് കണക്കാക്കുന്നത്. അത് പ്രകാരം ഈ വർഷത്തെ ബ്ലൂ മൺഡേ ഇന്നലെ ആയിരുന്നു എന്നർത്ഥം. ക്രിസ്മസ്, പുതുവത്സര അവധിക്ക് ശേഷം ആളുകൾ തങ്ങളുടെ ജോലിയിലേക്കും സാധാരണ ജീവിതത്തിലേക്കും പൂർണ്ണമായും മടങ്ങിയെത്തുന്ന ദിനം എന്ന രീതിയിലാണ് ജനുവരി മാസത്തിന്റെ പകുതിയോടെ എത്തുന്ന ഈ തിങ്കളാഴ്ചയെ നിരാശാജനകമായ തിങ്കളാഴ്ച അഥവാ ബ്ലു മൺഡേ എന്ന പേരിൽ വിശേഷിപ്പിക്കുന്നത്.
നമ്മുടെ നാട്ടിൽ ഇത് അത്ര പ്രസക്തമായി തോന്നില്ല എങ്കിലും വിദേശരാജ്യങ്ങളിൽ ജീവിക്കുന്നവരുടെ കാര്യത്തിൽ ഇത് കുറച്ചുകൂടി യോജിച്ചേക്കാം. 2005 ലെ ഒരു പത്രക്കുറിപ്പിൽ യുകെ ട്രാവൽ കമ്പനിയായ സ്കൈ ട്രാവൽ ആവിഷ്കരിച്ച പദമാണ് ബ്ലൂ മൺഡേ. അവധിക്കാലത്തിനു ശേഷമുള്ള സാമ്പത്തിക ബുദ്ധിമുട്ട്, മോശം കാലാവസ്ഥ, ന്യൂ ഇയർ റെസല്യൂഷനുകൾ പരാജയപ്പെടുന്നത് തുടങ്ങിയ ഘടകങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് വർഷത്തിലെ ഏറ്റവും നിരാശാജനകമായ ദിവസമായി ജനുവരിയിലെ മൂന്നാമത്തെ തിങ്കളാഴ്ചയെ വിശേഷിപ്പിക്കുന്നത്. ചില സന്ദർഭങ്ങളിൽ ജനുവരിയിലെ രണ്ടാമത്തെയും നാലാമത്തെയും തിങ്കളാഴ്ചകളെയും ബ്ലൂ മൺഡേ ആയി വിശേഷിപ്പിക്കാറുണ്ട്.
വിഷാദം നിറഞ്ഞ തിങ്കളാഴ്ച എന്നാണ് വിശേഷിപ്പിക്കുന്നതെങ്കിലും ഇതിനെ നല്ല ഒരു മാറ്റത്തിന്റെ തുടക്കമായി കാണണമെന്നും ചില തിരിച്ചറിവുകളോടെ ജീവിതം കൂടുതൽ ചിട്ടപ്പെടുത്താൻ ഈ ദിനം സഹായിക്കുമെന്നുമാണ് സ്കൈ ട്രാവൽ പറയുന്നത്. അന്നേദിവസം വിഷാദത്തിൽ കഴിയാതെ പ്രിയപ്പെട്ടവരുമായി സമയം ചെലവഴിച്ചും, സംഗീതവും നൃത്തവുമൊക്കെ ആസ്വദിച്ചും അല്പദൂരം നടക്കാൻ സമയം കണ്ടെത്തിയും ഒക്കെ പോസിറ്റീവ് ആയി സമയം ചെലവഴിക്കുന്നത് വരും ദിവസങ്ങളെ കൂടുതൽ ഊർജ്ജസ്വലമാക്കുമെന്നും കരുതപ്പെടുന്നു.