കഴിഞ്ഞ വര്‍ഷം പതിനായിരത്തിലധികം കോടീശ്വരന്മാര്‍ ബ്രിട്ടന്‍ വിട്ടുപോയതായി അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്. 2024 ല്‍ 10,800 കോടീശ്വരന്മാരെയാണ് ബ്രിട്ടന് നഷ്ടമായത്. ഇത് 2023 ല്‍ 4,200 ആയിരുന്നു. ടാക്‌സ്, ആഗോള ഹൈടെക് മേഖലയില്‍ അമേരിക്കയുടെയും ഏഷ്യയുടെയും വര്‍ധിച്ചുവരുന്ന ആധിപത്യം, ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനുള്ള പ്രാധാന്യം കുറയുന്നത്. ആരോഗ്യ സംവിധാനത്തിന്റെ തകര്‍ച്ച എന്നിവയാണ് കോടീശ്വരന്മാരുടെ പാലായനത്തിന് കാരണമായി ഗ്ലോബല്‍ അനലിറ്റിക് സ്ഥാപനമായ ന്യൂ വേള്‍ഡ് വെല്‍ത്ത് പറയുന്നു.
ബ്രെക്‌സിറ്റ്, കോവിഡ് പാന്‍ഡെമിക് തുടങ്ങിയവ ഉള്‍പ്പെടുന്ന 2017 മുതല്‍ 2023 വരെയുള്ള കാലയളവില്‍ യുകെ ഉപേക്ഷിച്ച് പോയത് 16,500 കോടീശ്വരന്മാരാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 1950 കള്‍ മുതല്‍ 2000 ത്തിന്റെ ആരംഭം വരെ യുകെ പ്രത്യേകിച്ച് ലണ്ടന്‍ കോടീശ്വരന്മാര്‍ കുടിയേറുന്ന ലോകത്തിലെ ഏറ്റവും മികച്ച സ്ഥലങ്ങളിലൊന്നായിരുന്നു. കൂടാതെ യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ, മിഡില്‍ ഈസ്റ്റ് എന്നിവടങ്ങളില്‍ നിന്നുള്ള സമ്പന്ന കുടുംബങ്ങളും യുകെയിലേക്ക് കുടിയേറിയിരുന്നുവെന്ന് NWW ഗവേഷണ മേധാവി ആന്‍ഡ്രൂ അമോയില്‍സ് പറഞ്ഞു.
യുകെ വിട്ടുപേകുന്നവര്‍ കൂടുതലായും തെരഞ്ഞെടുക്കുന്നത് പാരീസ്, ദുബായ്, മോണാക്കോ, ജനീവ, സിഡ്‌നി, സിംഗപ്പൂര്‍ എന്നീ നഗരങ്ങളാണ്. ഫ്‌ളോറിഡ, അല്‍ഗാര്‍വ്, മാള്‍ട്ട, ഇറ്റാലിയന്‍ റിവിയേര എന്നീ നഗരങ്ങളും കോടീശ്വരന്മാരുടെ റിട്ടയര്‍മെന്റ് ഹോട്ട്‌സ്‌പോട്ടുകളായി മാറിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.