വാഷിംഗ്‌ടണ്‍: എഐ ചാറ്റ്ബോട്ടായ ചാറ്റ്ജിപിടിയെ സ്മാർട്ട് ടിവിയിലെത്തിക്കാനുള്ള ആലോചനയില്‍ സാംസങ്ങും ഓപ്പൺ എഐയും. എഐ ഫീച്ചറോട് കൂടിയ സ്മാർട്ട് ടിവി വികസിപ്പിക്കുകയാണ് ഇരുകൂട്ടരുടെയും ലക്ഷ്യം. ഒരു കൊറിയൻ മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എഐ ചാറ്റ്‌ബോട്ടായ ചാറ്റ്‌ജിപിടിയുടെ നിര്‍മാതാക്കളാണ് ഓപ്പണ്‍ എഐ.
വാർത്ത സംബന്ധിച്ച വിവരങ്ങളൊന്നും ഇരുകമ്പനികളും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇപ്പോൾ സാംസങിന്‍റെ സ്മാർട്ട് ടിവിയിൽ എഐ ഫീച്ചറുകൾ ലഭ്യമാണ്. ഓപ്പൺ എഐയുടെ സഹകരണം കൂടിയാകുന്നതോടെ സ്മാർട്ട് ടിവി രംഗത്ത് ആധിപത്യമുറപ്പിക്കാന്‍ സാംസങിന് എളുപ്പത്തിൽ കഴിയും.
ഓപ്പൺ എഐയുടെ സഹകരണത്തോടെ അത്യാധുനിക സാങ്കേതികവിദ്യകൾ എത്തിയാൽ തത്സമയ ഓഡിയോ ട്രാൻസ്‌ലേഷന്‍, സബ്‌ടൈറ്റിൽ ഉൾപ്പടെയുള്ള അപ്ഡേറ്റുകൾ ലഭ്യമാക്കാൻ കമ്പനിക്കാകും. മാത്രമല്ല, വ്യക്തിഗത ഉള്ളടക്കങ്ങൾ നിർദേശിക്കാനും എഐയുടെ സഹായത്തോടെ കഴിയും. സാംസങിന്‍റെ ടൈസൻ ഒഎസിൽ പ്രവർത്തിക്കുന്ന ടിവികളിൽ നിരവധി എഐ ഫീച്ചറുകൾ ലഭ്യമാണ്. എഐ അപ്പ്‌സ്‌കേലിങ്, എഐ സൗണ്ട് പോലെ ഫീച്ചറുകൾക്ക് ഉപഭോക്താക്കൾക്കിടയിൽ സ്വീകാര്യതയുമുണ്ട്.
ഓപ്പൺ എഐയ്ക്ക് പിന്നാലെ ഗൂഗിളും കമ്പനിയുടെ ചാറ്റ് ബോട്ടായ ജെമിനിയെ ഗൂഗിൾ ടിവി ഒഎസിൽ ഉൾപ്പെടുത്താനുള്ള പദ്ധതിയിലാണെന്നാണ് സൂചന. 2025 അവസാനത്തോടെ ഇത് സംഭവിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.