സ്റ്റുഡൻ്റ് പെർമിറ്റുകൾ വെട്ടിക്കുറച്ചതോടെ പ്രതിസന്ധിയിലായി കനേഡിയൻ സർവ്വകലാശാലകൾ

By: 600110 On: Jan 20, 2025, 3:07 PM

 

സ്റ്റുഡൻ്റ് പെർമിറ്റുകൾ വെട്ടിക്കുറച്ചതോടെ കനേഡിയൻ സർവ്വകലാശാലകൾ വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് റിപ്പോർട്ടുകൾ. ഇത് മറികടക്കുന്നതിനായി പിരിച്ചുവിടൽ, നിയമനം മരവിപ്പിക്കൽ തുടങ്ങിയ നടപടികളിലൂടെ കടന്നുപോവുകയാണ് പല കനേഡിയൻ കോളേജുകളും സർവ്വകലാശാലകളും. കഴിഞ്ഞ വർഷം സ്റ്റഡി പെർമിറ്റുകളുടെ എണ്ണത്തിൽ 35 ശതമാനത്തിൻ്റെ കുറവാണ് ഫെഡറൽ സർക്കാർ വരുത്തിയത്. 

കനേഡിയൻ വിദ്യാർഥികളെ അപേക്ഷിച്ച് ഉയർന്ന ഫീസാണ് വിദേശ വിദ്യാർഥികളിൽ നിന്ന് ഈടാക്കുന്നത്. ഇവരുടെ എണ്ണം കുറഞ്ഞതോടെ വരുമാനത്തിലുണ്ടായ കുറവ് നികത്താൻ പാടുപെടുകയാണ് കനേഡിയൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ. ഒൻ്റാരിയോയിലെ ഇരുപതോളം യൂണിവേഴ്സിറ്റികളുടെ സഞ്ചിത നഷ്ടം 330 മില്യൻ ഡോളറിലേറെയാണെന്ന് യൂണിവേഴ്സിറ്റീസ് കൌൺസിൽ പ്രസിഡൻ്റ് സ്റ്റീവ് ഒർസീനി പറഞ്ഞു. അടുത്ത വർഷം അത് 600 മില്യൻ ഡോളറായി ഉയരാനാണ് സാധ്യത. ഇത് വിദ്യാഭ്യാസ മേഖലയെ വളരെ പ്രതികൂലമായി ബാധിച്ചതിനാൽ  പിരിച്ചുവിടൽ, നിയമനം മരവിപ്പിക്കൽ, പ്രോഗ്രാമുകളും സേവനങ്ങളും വെട്ടിക്കുറയ്ക്കൽ തുടങ്ങിയ നടപടികളിലേക്ക് കടക്കേണ്ടി വന്നേക്കാമെന്നും സ്റ്റീവ് വ്യക്തമാക്കി. ഒൻ്റാരിയോ സർവ്വകലാശാലയിലെ വിദ്യാർഥികളിൽ 19 ശതമാനവും വിദേശികളാണ്. ഇവരുടെ ഫീസിലൂടെ ലഭിക്കുന്ന വരുമാനത്തിലുണ്ടായ കുറവ് സർക്കാർ ഗ്രാൻ്റുകളിലൂടെ നികത്താനാവില്ലെന്നും സർവ്വകലാശാല അധികൃതർ പറയുന്നു.