ഷിഫ്റ്റ് പുനക്രമീകരണം നിലച്ചതോടെ ബിസിയിലെ ആംബുലൻസ് സർവ്വീസുകൾ താറുമാറായി

By: 600110 On: Jan 20, 2025, 2:28 PM

 

ഓവർടൈമുമായി ബന്ധപ്പെട്ട പുതിയ നിബന്ധനകളെ തുടർന്ന് ആംബുലൻസ് സർവ്വീസുകളുടെ പ്രവർത്തനം അവതാളത്തിലായെന്ന് ബ്രിട്ടീഷ് കൊളംബിയയിലെ പാരമെഡിക്സ് യൂണിയൻ. ഏറെ നാളുകളായി ഓവർ ടൈമിലൂടെയാണ് ഷിഫ്റ്റുകളിൽ ആവശ്യത്തിന് സ്റ്റാഫിനെ ഉറപ്പാക്കിയിരുന്നത്. മുൻകൂട്ടി ആസൂത്രണം ചെയ്ത് ഷിഫ്റ്റുകളിൽ ആളുകളെ ഉറപ്പാക്കുകയായിരുന്നു ഡിസംബർ വരെ ചെയ്തിരുന്നത്. എന്നാൽ ജനുവരി ഒന്ന് മുതൽ ഈ രീതി നിർത്തലാക്കിയിരിക്കുകയാണെന്ന് യൂണിയൻ ആരോപിക്കുന്നു.

ഷിഫ്റ്റ്റുകളിൽ മുൻകൂട്ടി ആളെ ഉറപ്പാക്കുന്നതിന് പകരം ദൈനംദിന അടിസ്ഥാനത്തിലാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. ഇതിൻ്റെ ഫലമായി അവസാന നിമിഷം ഷിഫ്റ്റിൽ ആളെ കണ്ടെത്തേണ്ട സ്ഥിതിയാണ് ഇപ്പോഴുള്ളതെന്ന് യൂണിയൻ ആരോപിക്കുന്നു. പലപ്പോഴും ആംബൂലൻസ് സർവ്വീസുകൾ വെട്ടിച്ചുരുക്കേണ്ടി വരുന്നുണ്ടെന്നും യൂണിയൻ വക്താവ് ഇയാൻ ടെയ്റ്റ് പറഞ്ഞു. വൈറ്റ് റോക് സ്റ്റേഷനിൽ വേണ്ടതിലും അൻപത് ശതമാനം സ്റ്റാഫുകൾ കുറവാണ്. ട്രൈ സിറ്റീസ് സ്റ്റേഷനിലാകട്ടെ 25 ശതമാനം സ്റ്റാഫിൻ്റ് കുറവുണ്ട്. കുറവനുസരിച്ച് ഷിഫ്റ്റുകൾ മുൻകൂട്ടി ക്രമീകരിക്കാതെ വരുന്നതോടെ ആംബുലൻ സർവ്വീസ് വേണ്ടവർക്ക് പലപ്പോഴും പതിവിൽ കൂടുതൽ സമയം കാത്തിരിക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്.  ആവശ്യപ്പെട്ട് രണ്ട് മണിക്കൂർ കഴിഞ്ഞിട്ടും ആംബുലൻസ് എത്താത്ത സാഹചര്യങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.