ഡൊമിനിക്കന്‍ റിപ്പബ്ലിക് റിസോര്‍ട്ടില്‍ ക്രൂരമായ ആക്രമണത്തിനിരയായ കനേഡിയന്‍ പൗരന് ഗുരുതര പരുക്ക് 

By: 600002 On: Jan 20, 2025, 10:43 AM

 


ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ അവധി ആഘോഷിക്കാനെത്തിയ കനേഡിയന്‍ പൗരന് റിസോര്‍ട്ടില്‍ വെച്ചുണ്ടായ ആക്രമണത്തില്‍ ഗുരുതര പരുക്ക്. പരുക്കേറ്റ എഡ്മന്റണ്‍ സ്വദേശിയായ ചേസ് എന്ന പതിനെട്ടുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തന്റെ ഭര്‍ത്താവും മൂന്ന് മക്കളുമായി അവധിക്കാലം ആഘോഷിക്കാന്‍ ജനുവരി 9 ന് ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെത്തിയതായിരുന്നുവെന്ന് ആക്രമണത്തിനിരയായ യുവാവിന്റെ അമ്മ സിന്‍ഡി റോവന്‍ പറഞ്ഞു. റിസോര്‍ട്ടില്‍ വെച്ച് ഇളയ മകന്‍ ചേസിന്റെ ജന്മദിനം ആഘോഷിക്കാനായിരുന്നു പദ്ധതി. 

രാത്രി 10.30 ഓടെ പുന്റെ കാനയില്‍ താമസിക്കുന്ന റിസോര്‍ട്ടിലെ ബാറിലേക്ക് ആണ്‍കുട്ടികള്‍ പോയി. അര്‍ധരാത്രി 12.30 ഓടെയാണ് ചേസ് ആക്രമണത്തിനിരയായെന്ന് അറിയുന്നതെന്ന് റോവന്‍ പറഞ്ഞു. ഉടന്‍ ആംബുലന്‍സ് വിളിക്കുകയും ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. ബാറില്‍ വെച്ച് അപരിചിതനായ ഒരാളുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും ഇയാള്‍ ചേസിനെ ആക്രമിക്കുകയുമാണുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞതായി റോവന്‍ പറഞ്ഞു. 

ആശുപത്രിയിലേക്ക് പോകുവഴി ചേസിന് അപസ്മാരം ഉണ്ടായി. എക്‌സ്‌റേ, സിടി സ്‌കാന്‍ എന്നിവയില്‍ ചേസിന്റെ തലയോട്ടിയില്‍ പൊട്ടല്‍ കണ്ടെത്തിയതായും മറ്റ് ഗുരുതരമായ പരുക്കുകളേറ്റതായും റോവന്‍ പറഞ്ഞു. മസ്തിഷ്‌ക വീക്കത്തെ തുടര്‍ന്ന് തലയോട്ടിയുടെ ഒരു ഭാഗം നീക്കം ചെയ്യേണ്ടതായി വന്നു. ചേസ് നിലവില്‍ അപകടനില തരണം ചെയ്തതായും ഐസിയുവില്‍ തുടരുകയാണെന്നും സിന്‍ഡി പറഞ്ഞു. ഭര്‍ത്താവും മറ്റ് രണ്ട് കുട്ടികളും ആല്‍ബെര്‍ട്ടയിലേക്ക് മടങ്ങി. സിന്‍ഡി റോവന്‍ ആശുപത്രിയില്‍ ചേസിനൊപ്പം തുടരുകയാണ്. 

പ്രതിയെ സിന്‍ഡി റോവനും ഹോട്ടലിലെ സെക്യൂരിറ്റി ഗാര്‍ഡുകളും തിരിച്ചറിയുകയും പോലീസ് ഇയാളെ പിടികൂടുകയും ചെയ്തു. നോവ സ്‌കോഷ്യ സ്വദേശിയാണ് പിടിയിലായത്. ഇയാളെ ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. തിങ്കളാഴ്ച ഇയാളെ കോടതിയില്‍ ഹാജരാക്കും. അതേസമയം, കനേഡിയന്‍ കുടുംബത്തിനുണ്ടായ ദുരനുഭവത്തില്‍ അപലപിക്കുന്നതായും ചേസിനും കുടുംബത്തിനും വേണ്ട എല്ലാ കോണ്‍സുലാര്‍ സാഹയങ്ങളും കോണ്‍സുലാര്‍ ഓഫീസര്‍മാര്‍ നല്‍കുമെന്നും ഗ്ലോബല്‍ അഫയേഴ്‌സ് കാനഡ അറിയിച്ചു. കൂടാതെ, ചികിത്സയ്ക്കും മറ്റുമുള്ള ചെലവുകള്‍ക്കായി GoFoundMe യും  ആരംഭിച്ചിട്ടുണ്ട്.