മലയാള ചലച്ചിത്ര താരം ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത പണിയ്ക്ക് ഒടിടിയിലും മികച്ച പ്രതികരണം. മലയാളികൾക്ക് പുറമെ ഇതര ഭാഷക്കാരും സിനിമയെ പ്രശംസിച്ച് രംഗത്തെത്തുന്നുണ്ട്. ചിത്രം ഗൂഗിളിന്റെ ഓൾ ഇന്ത്യ എന്റർടൈൻമെന്റ് കാറ്റഗറിയിൽ രണ്ടാം സ്ഥാനത്താണ് ഇപ്പോഴുള്ളത്. ജോജു ജോര്‍ജ് രചനയും നിർവഹിച്ച ചിത്രം പ്രതികാരവും പകയും ചേർത്തുരുക്കിയ ആക്ഷൻ ത്രില്ലറായാണ് ഒരുങ്ങിയത്.
ഒക്‌ടോബര്‍ 24നായിരുന്നു പണി തിയേറ്ററുകളിൽ റിലീസ് ചെയ്തത്. അന്ന് തന്നെ വൻ പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രം രണ്ട് ദിവസം മുൻപ് സോണി ലിവിലൂടെ ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിക്കുക ആയിരുന്നു. അഞ്ച് ഭാഷകളിലായാണ് സിനിമയുടെ ഒടിടി സ്ട്രീമിങ് നടക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും പണി ലഭ്യമാകും.
ജോജുവിന്റെ ഗിരി എന്ന കഥാപാത്രത്തിന് പുറമെ ശ്രദ്ധേയമായത് സാഗർ സൂര്യ, ജുനൈസ് എന്നിവരുടെ വില്ലൻ വേഷമാണ്. മോളിവുഡിനെ ഞെട്ടിച്ച വില്ലന്മാരെന്നാണ് പ്രേക്ഷകർ ഇവരെ കുറിച്ച് പറഞ്ഞത്. ഒപ്പം അഭിനയയുടെ ഭാര്യവേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സീമ, ചാന്ദിനി ശ്രീധരൻ, പ്രശാന്ത് അലക്‌സാണ്ടർ, സുജിത് ശങ്കർ എന്നിവരാണ് പണിയിലെ മറ്റ് പ്രധാന താരങ്ങൾ.