നെയിൽഗൺ പ്രവർത്തിപ്പിക്കാൻ ശേഷിയുള്ള എഐ റോബോട്ടിനെ വികസിപ്പിച്ചെടുത്തു എന്ന അവകാശവാദവുമായി എൻജിനീയർ രംഗത്ത്. ചാറ്റ്ജിപിടിയുടെ സഹായത്തോടെ നിയന്ത്രിക്കുന്ന ഈ റോബോട്ടിന് കൃത്യമായി ലക്ഷ്യസ്ഥാനത്തേക്ക് വെടിയുതിർക്കാൻ സാധിക്കുമെന്നാണ് ഇയാളുടെ വാദം. റോബോയുടെ വീഡിയോ ഇൻറർനെറ്റിൽ വൈറലായെങ്കിലും ഇതുയർത്തുന്ന വെല്ലുവിളികളെ കുറിച്ച് ആളുകൾ ആശങ്കാകുലരായി.
ഇന്റർനെറ്റിൽ പ്രചരിക്കുന്ന വീഡിയോയിൽ, നൽകുന്ന കമാൻഡുകൾക്ക് അനുസരിച്ച് വേഗതയിലും കൃത്യതയിലും ഒരു റോബോട്ട് വെടി വയ്ക്കുന്നത് കാണാം. എന്നാൽ, റോബോട്ടിന്റെ വിരലുകളിൽ സജ്ജീകരിച്ചിരിക്കുന്ന തോക്കിലേക്ക് ചാറ്റ്ജിപിടിയുടെ കമാൻഡുകൾ എങ്ങനെ എത്തുന്നു എന്നോ ഇത് ഉയർത്തുന്ന സുരക്ഷാവെല്ലുവിളികളെ എങ്ങനെ തടയാം എന്നോ ഇത് പങ്കുവച്ച എൻജിനീയർ വിശദീകരിച്ചിട്ടില്ല.
വീഡിയോ ശ്രദ്ധിക്കപ്പെട്ടെങ്കിലും വീഡിയോയ്ക്ക് താഴെ അഭിനന്ദനങ്ങളേക്കാൾ കൂടുതൽ വിമർശനങ്ങളും ആക്ഷേപങ്ങളും ആണ് ഉയരുന്നത്. ഈ കണ്ടുപിടുത്തം ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യാൻ പോകുന്നതെന്നും നിരവധി പേർ അഭിപ്രായപ്പെട്ടു. ഏറ്റവും മോശമായ ഒരു കണ്ടുപിടിത്തം എന്നും ഏതുസമയവും എന്തുവേണമെങ്കിലും സംഭവിക്കാമെന്നും ചിലർ കുറിച്ചു.
റോബോട്ട് നിറങ്ങൾ തിരിച്ചറിഞ്ഞാണ് വെടി വയ്ക്കുന്നതെങ്കിൽ അബദ്ധത്തിൽ മനുഷ്യന്റെ ചർമ്മത്തിന്റെ നിറം തിരിച്ചറിഞ്ഞാൽ പണി എപ്പോൾ കിട്ടിയെന്ന് ചോദിച്ചാൽ മതിയെന്നും ചിലർ പറഞ്ഞു.