ന്യൂയോർക്ക്: അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡോണൾഡ് ട്രംപ് തിങ്കളാഴ്ച ചുമതലയേൽക്കും. തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി കമലാ ഹാരിസിനെ തോൽപ്പിച്ചാണ് ട്രംപ് രണ്ടാം തവണയും പ്രസിഡന്റായത്. കാലാവസ്ഥ കണക്കിലെടുത്ത് ഡോണൾഡ് ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങുകൾ ക്യാപിറ്റോൾ മന്ദിരത്തിനകത്തേക്ക് മാറ്റി. വാഷിംഗ്ടണിൽ ആർക്ടിക് സമാനമായ ശൈത്യത്തിനുള്ള സാധ്യത കണക്കിലെടുത്താണ് അസാധാരണ നടപടി.
തിങ്കളാഴ്ച്ച വാഷിംഗ്ടണിൽ മൈനസ് 12 ഡിഗ്രി സെൽഷ്യസ് തണുപ്പാണ് പ്രവചിക്കുന്നത്. ഈ സാഹചര്യത്തിലാണ് അസാധരണ നടപടിയെന്ന് അധികൃതർ അറിയിച്ചു. 40 വര്‍ഷങ്ങള്‍ക്കുമുമ്പ് 1985ല്‍ മുന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗന്റെ രണ്ടാമത്തെ സത്യപ്രതിജ്ഞാ വേളയിലായിരുന്നു അവസാനമായി അതിശൈത്യം കാരണം ഉദ്ഘാടനം കെട്ടിടത്തിനുള്ളില്‍ നടത്തിയതെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. ലോകത്തെ പ്രമുഖരാണ് ചടങ്ങിൽ പങ്കെടുക്കുക.
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് അടക്കമുള്ള പ്രമുഖർ എത്തിയേക്കും. ഇന്ത്യയിൽ നിന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ ചടങ്ങിൽ കേന്ദ്ര സർക്കാറിനെ പ്രതിനിധീകരിച്ച് പങ്കെടുക്കും. റിലയൻസ് മേധാവി മുകേഷ് അംബാനി, ഭാര്യ നിതാ അംബാനി എന്നിവരും ചടങ്ങിൽ പങ്കെടുക്കും.