ട്രംപ് അധിക നികുതി ചുമത്തിയാൽ അതേ നാണയത്തിൽ തിരിച്ചടിക്കാൻ കാനഡ

By: 600110 On: Jan 18, 2025, 3:38 PM

 

കാനഡയിൽ നിന്നുള്ള ഇറക്കുമതികൾക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന നിയുക്ത യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ഭീഷണിയെ നേരിടാൻ കാനഡ. ട്രംപ് അധിക നികുതി ചുമത്തിയാൽ അതേ നാണയത്തിൽ തിരിച്ചടിക്കാൻ മടിക്കില്ലെന്ന് സ്ഥാനമൊഴിയുന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. ട്രംപിന് യോജിക്കുന്ന മറുപടി നല്കാൻ കാനഡയുടെ പക്കൽ ഒന്നിലധികം പദ്ധതികളുണ്ടെന്ന് സർക്കാർ വൃത്തങ്ങളും വ്യക്തമാക്കി. 

കാനഡയിൽ നിന്നുള്ള ഇറക്കുമതികൾക്ക് 25 ശതമാനം തീരുവയെന്ന തീരുമാനവുമായി ട്രംപ് മുന്നോട്ട് പോയാൽ , ഏകദേശം 37 ബില്യൺ ഡോളർ മൂല്യമുള്ള കൌണ്ടർ താരിഫുകൾ ചുമത്തിയാകും കാനഡയുടെ മറുപടി. ഇതിനു പുറമെ 110 ബില്യൺ ഡോളർ താരിഫുകൾ കൂടി ചുമത്താനും സാധ്യതയുണ്ട്. ട്രംപിൻ്റെ തീരുവകൾ കുറവാണെങ്കിൽ, കാനഡയുടെ കൌണ്ടർ താരിഫുകളും മിതമായിരിക്കും. അതിനാൽ തീരുവ സംബന്ധിച്ച് ട്രംപിൻ്റെ തീരുമാനം പുറത്ത് വരും വരെ തീരുമാനങ്ങൾ ഒന്നും എടുക്കില്ലെന്ന് കനേഡിയൻ സർക്കാർ വ്യക്തമാക്കി. 
ട്രംപിൻ്റെ താരിഫ് പ്ലാൻ എന്തെന്ന് റിപ്പബ്ലിക്കൻ സെനറ്റർമാർക്ക് പോലും വ്യക്തമായ ധാരണയില്ലെന്ന്  വാഷിംഗ്ടണിൽ ഉണ്ടായിരുന്ന ഊർജ, പ്രകൃതിവിഭവ മന്ത്രി ജോനാഥൻ വിൽക്കിൻസൺ  പറഞ്ഞു. മൂന്ന് താരിഫ് ഓപ്ഷനുകൾ പരിഗണിക്കുന്നതായാണ് സൂചനയെന്ന് വിൽക്കിൻസൺ പറഞ്ഞു. 25 ശതമാനം താരിഫുകൾ, 10 ശതമാനം താരിഫുകൾ, കാലക്രമേണ ഉയരുന്ന കുറഞ്ഞ ഡ്യൂട്ടി എന്നിവയാകാം അതെന്നും അദ്ദേഹം പറഞ്ഞു. എന്തായാലും യു എസ് ഉയർത്തുന്ന താരിഫ് ഭീഷണിയെ ഒന്നിച്ച് നേരിടാൻ കാനഡയുടെ പ്രീമിയർമാരുടെ യോഗത്തിൽ ധാരണയിൽ എത്തിയിട്ടുണ്ട്. 

ഫെഡറൽ ഗവൺമെൻ്റിനെ പിന്തുണയ്ക്കുന്നതിനായി കാനഡ-യുഎസ് റിലേഷൻസ് കൗൺസിൽ രൂപീകരിക്കുന്നതായി സ്ഥാനമൊഴിയുന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ  പ്രഖ്യാപിച്ചിട്ടുണ്ട്. 18 അംഗ കൗൺസിലിൽ വാഹന വ്യവസായം, ആണവോർജ്ജ മേഖല, കൃഷി, തൊഴിലാളി പ്രസ്ഥാനം എന്നിവയിൽ നിന്നുള്ള പ്രതിനിധികൾ ഉണ്ട്.