വീടിൻ്റെ ആവശ്യകത കൂടിയതോടെ ആൽബർട്ടയിൽ ഭവന നിർമ്മാണത്തിലുണ്ടായത് റെക്കോഡ് വർധന. ഇതിൻ്റെ ഫലമായി ദേശീയ ശരാശരിയിൽ തന്നെ രണ്ട് ശതമാനത്തിൻ്റെ വർധനയുണ്ടായി. കാനഡ മോർട്ട്ഗേജ് ആൻഡ് ഹൗസിംഗ് കോർപ്പറേഷൻ്റെ (CMHC) കണക്കനുസരിച്ച്, ആൽബർട്ടയിൽ 46,632 വീടുകളാണ് 2024-ൽ നിർമ്മിച്ചത്. തൊട്ട് മുൻപുള്ള വർഷത്തെ അപേക്ഷിച്ച് 32 ശതമാനം വർദ്ധനവ്.
ഭവന നിർമ്മാണവുമായി ബന്ധപ്പെട്ട ഏത് കണക്കുകൾ അടിസ്ഥാനമാക്കി വിലയിരുത്തിയാലും റെക്കോഡ് വർധനവാണ് കഴിഞ്ഞ വർഷം ഉണ്ടായതെന്ന് ബിൽഡ് ആൽബർട്ട അസോസിയേഷൻ്റെ സിഇഒ സ്കോട്ട് ഫാഷ് പറഞ്ഞു. കാൽഗറി, എഡ്മണ്ടൺ തുടങ്ങിയ സ്ഥലങ്ങളിലും റെക്കോർഡ വർധന തന്നെ രേഖപ്പെടുത്തി. കാനഡയിലെ പ്രധാന നഗരങ്ങളായ കാൽഗറിയിൽ ഭവന നിർമ്മാണത്തിൽ 24 ശതമാനം വർദ്ധനവാണ് ഉണ്ടായത്. എന്നാൽ ഒൻ്റാരിയോ, ബിസി എന്നിവിടങ്ങളിൽ പുതിയ ഭവന പ്രോജക്ടുകളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം കുറവുണ്ടായി. പ്രവിശ്യാ, ഫെഡറൽ, മുനിസിപ്പൽ എന്നിങ്ങനെ ഗവൺമെൻ്റിൻ്റെ എല്ലാ തലങ്ങളിലും വീടുകൾ നിർമ്മിക്കുന്നതിനായി വളരെയധികം പരിശ്രമങ്ങൾ നടന്നിട്ടുണ്ടെന്ന് സിഎംഎച്ച്‌സിയുടെ ഡെപ്യൂട്ടി ചീഫ് ഇക്കണോമിസ്റ്റ് ടാനിയ ബൗറസ്സ ഒച്ചോവ പറഞ്ഞു.