പ്രതികൂല കാലാവസ്ഥ: ആല്‍ബെര്‍ട്ടയില്‍ 149 ഓളം വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു

By: 600002 On: Jan 18, 2025, 12:29 PM

 


പ്രവിശ്യയില്‍ കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് കാലാവസ്ഥ മോശമായ സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ് നല്‍കി ആര്‍സിഎംപി. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണി മുതല്‍ വെള്ളിയാഴ്ച രാവിലെ എട്ട് മണി വരെ 149 ഓളം കൂട്ടിയിടികളാണ് നിരത്തുകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് ആര്‍സിഎംപി പറഞ്ഞു. അപകടങ്ങളില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായ പരുക്കേറ്റു.  

പ്രവിശ്യയിലുണ്ടായ കൂട്ടിയിടികളില്‍ ഭൂരിഭാഗവും നടന്നത് സെന്‍ട്രല്‍ ആല്‍ബെര്‍ട്ടയിലാണ്. 71 അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈസ്‌റ്റേണ്‍ ആല്‍ബെര്‍ട്ട, വെസ്‌റ്റേണ്‍ ആല്‍ബെര്‍ട്ട, സതേണ്‍ ആല്‍ബെര്‍ട്ട എന്നിവടങ്ങളില്‍ യഥാക്രമം 28,26,24 എന്നിങ്ങനെയാണ് കൂട്ടിയിടികള്‍ റിപ്പോര്‍ട്ട് ചെയ്തത്. കനത്ത മഞ്ഞുവീഴ്ച തുടരുന്നതിനാല്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് ആര്‍സിഎംപി പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. ഈ വാരാന്ത്യത്തില്‍ താപനില -20 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ -30 ഡിഗ്രി സെല്‍ഷ്യസ് വരെ താഴുമെന്നാണ് പ്രതീക്ഷിക്കുന്നത്.