കാനഡ വിൽപ്പനയ്‌ക്കുള്ളതല്ല തൊപ്പികൾക്ക് വൻ ഡിമാൻ്റ്, വില്പന കുതിച്ചുയർന്നു

By: 600110 On: Jan 18, 2025, 11:42 AM

 

ഒൻ്റാരിയോ പ്രീമിയർ ഡഗ് ഫോർഡ്   "കാനഡ വിൽപ്പനയ്‌ക്കുള്ളതല്ല" എന്ന തൊപ്പി ധരിച്ച് പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ, ഇത്തരം തൊപ്പികളുടെ വിൽപ്പനയിൽ വൻ വർദ്ധന. ഒട്ടാവ ആസ്ഥാനമായുള്ള ജാക്ക്പൈൻ ഡൈനാമിക് ബ്രാൻഡിംഗാണ് തൊപ്പി ഡിസൈൻ ചെയ്തത്. ഇത്തരം തൊപ്പികൾക്കായി ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി വലിയ ഓർഡറുകൾ ലഭിക്കുന്നുണ്ടെന്ന് നിർമ്മാതാക്കൾ അറിയിച്ചു.

ഫോർഡ് തൊപ്പി ധരിക്കുന്നതിന് മുമ്പ് ഏകദേശം 100 തൊപ്പികൾ ആണ് വിറ്റു പോയത്. എന്നാൽ പ്രീമിയർ തൊപ്പി  ഹിറ്റാക്കിയതോടെ ഇതിനകം പതിനായിരക്കണക്കിന് തൊപ്പികളാണ് വിറ്റു പോയത്.  ജാക്ക്പൈൻ ഡൈനാമിക് ബ്രാൻഡിംഗിൻ്റെ സ്ഥാപകനും സിഇഒയുമായ ലിയാം മൂണിയാണ് ഇക്കാര്യം അറിയിച്ചത്. വിൽപ്പന കുതിച്ചുയരുകയാണെന്നും കാനഡയും യുണൈറ്റഡ് സ്‌റ്റേറ്റ്‌സും ഉൾപ്പടെ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് നിരവധി ഓർഡറുകൾ ലഭിച്ചതായും മൂണി കുട്ടിച്ചേർത്തു. തൻ്റെ  സ്ഥാപനം 20,000-ലധികം തൊപ്പികൾ വിറ്റഴിച്ചതായും    ഓർഡറുകൾ വന്നു കൊണ്ടിരിക്കുന്നതിനാൽ   കൃത്യമായ കണക്ക് പറയാൻ ബുദ്ധിമുട്ടാണന്നും അദ്ദേഹം പറയുന്നു. ബുധനാഴ്ച മറ്റ് പ്രീമിയർമാരുമായും പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായും ഉള്ള ഒരു പ്രധാന യോഗത്തിന് മുമ്പാണ് കടും നീല  നിറത്തിലുള്ള“കാനഡ വിൽപ്പനയ്‌ക്കില്ല” എന്ന തൊപ്പി ധരിച്ച് പ്രീമിയർ ഫോർഡ്  എത്തിയത്. എക്‌സിലൂടെ തൊപ്പി നിർമ്മാതാക്കളോട് ഫോർഡ് നന്ദിയും പറഞ്ഞിരുന്നു.