കാനഡയിൽ ഡോക്ടർമാരുടെ കുറവ് അനുഭവപ്പെടുമ്പോഴും അന്താരാഷ്ട്ര തലത്തിൽ പരിശീലനം ലഭിച്ച ആയിരക്കണക്കിന് ഡോക്ടർമാർക്ക് ഇവിടെ മെഡിസിൻ പ്രാക്ടീസ് ചെയ്യാൻ കഴിയുന്നില്ലെന്ന് ആരോപണം ഉയരുന്നു. മറ്റ് രാജ്യങ്ങളിൽ പരിശീലനം ലഭിച്ച ഡോക്ടർമാർക്ക് കാനഡയിൽ പ്രാക്സീസ് തുടങ്ങാൻ പ്രത്യേക ലൈസൻസ് ലഭിക്കേണ്ടതുണ്ട്. ഇതിന് വലിയ കടമ്പകൾ കടക്കേണ്ടത് ഇവരെ സംബന്ധിച്ച് വലിയ വെല്ലുവിളിയാവുകയാണ്.
.
ഒൻ്റാരിയോയിലും ക്യൂബെക്കിലും 3,500-ലധികം അന്തർദേശീയ പരിശീലനം ലഭിച്ച ഡോക്ടർമാരുണ്ട്. എന്നാൽ ഇവരിൽ പലരും ഇപ്പോൾ തങ്ങൾ പഠിച്ച മേഖലയിലല്ല ജോലി ചെയ്യുന്നത്. കനേഡിയൻ മെഡിക്കൽ അസോസിയേഷൻ്റെ കണക്ക് പ്രകാരം രാജ്യത്തെ 6.5 ദശലക്ഷത്തിലധികം പേർക്ക് ഫാമിലി ഡോക്‌ടർ ഇല്ല. വരും വർഷങ്ങളിൽ ഈ കണക്കുകൾ കൂടാനാണ് സാധ്യത. ഈ സ്ഥിതി നിലനില്ക്കുമ്പോഴാണ് വിദേശത്ത് പഠനം പൂർത്തിയാക്കിയ ഡോക്ടർമാർക്ക് കാനഡയിൽ പ്രാക്ടീസ് ചെയ്യാൻ കഴിയാത്ത സാഹചര്യമുള്ളത്. കാനഡയിലെ 13 പ്രവിശ്യകൾക്കും പ്രദേശങ്ങൾക്കും ഡോക്ടർമാർക്ക് പ്രത്യേക ലൈസൻസ് വേണം. അന്താരാഷ്‌ട്ര പരിശീലനം എവിടെയാണ് നേടിയത് എന്നതിനെ ആശ്രയിച്ച് ലൈസൻസിംഗ് നടപടികളിലും വ്യത്യാസപ്പെടാം. തിരഞ്ഞെടുക്കുന്ന പ്രവിശ്യയ്ക്ക് അനുസരിച്ചും ഇതിൽ വ്യത്യാസങ്ങൾ വരും. നാല് പരീക്ഷകൾ ഉൾപ്പെടെയുള്ള കടമ്പകൾക്ക് ശേഷമാണ് ITP ലഭിക്കുന്നത്. ഒരു ടെസ്റ്റിന് 3,255 ഡോളറാണ് ചെലവ്. പലരെയും ഈ മേഖലയിൽ തുടരുന്നതിൽ നിന്ന് പിന്നോട്ടടിക്കുന്നതിനുള്ള കാരണങ്ങൾ ഇവയെല്ലാമാണ്. കഴിഞ്ഞ വർഷം, കനേഡിയൻ മെഡിക്കൽ സ്കൂളുകളിൽ നിന്ന് 2,936 ബിരുദധാരികൾ റസിഡൻസിയിൽ പ്രവേശിച്ചപ്പോൾ 671 ഐടിപികൾ മാത്രമാണ് വിജയിച്ചത്.