'കുറ്റാരോപിതര്‍ക്കും വേണം സ്വകാര്യത'; പോര്‍ച്ച് പൈറേറ്റ്‌സിന്റെ ഫോട്ടോ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യരുതെന്ന് മുന്നറിയിപ്പ് നല്‍കി മോണ്‍ട്രിയല്‍ പോലീസ് 

By: 600002 On: Jan 18, 2025, 8:37 AM

 


മോണ്‍ട്രിയലിലെ റെസിഡന്‍ഷ്യല്‍ ഏരിയകളിലുടനീളം ഡെലിവറി പാക്കേജുകളുടെ മോഷണം വര്‍ധിക്കുന്നുണ്ട്. പോര്‍ച്ച് പൈറേറ്റുകളാണ് വീടിന് മുമ്പില്‍ വെച്ചിട്ടുള്ള ഓണ്‍ലൈന്‍ പാക്കേജുകള്‍ മോഷ്ടിക്കുന്നത്. ഇവര്‍ പലപ്പോഴും ഡോര്‍ബെല്‍ ക്യാമറകളില്‍ പതിയുകയും പിടിക്കപ്പെടുകയും ചെയ്യും. 

ക്യാമറകളില്‍ പതിയുന്ന പോര്‍ച്ച് പൈററ്റുകളുടെ ചിത്രങ്ങള്‍ ഫെയ്‌സ്ബുക്ക് കമ്മ്യൂണിറ്റി ഗ്രൂപ്പുകളിലും മറ്റ് സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളിലും മോഷണത്തിനിരയായിവര്‍ പോസ്റ്റ് ചെയ്യുന്നുണ്ട്. മറ്റുള്ളവര്‍ക്ക് മോഷ്ടാവിനെക്കുറിച്ച് അറിയാനും മുന്‍കരുതലെടുക്കുവാനുമാണ് ഇത്തരത്തില്‍ പോസ്റ്റ് ചെയ്യുന്നതെന്ന് ആളുകള്‍ പറയുന്നു. എന്നാല്‍ മോഷ്ടാക്കളുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയകളില്‍ പോസ്റ്റ് ചെയ്യരുതെന്നാണ് മോണ്‍ട്രിയല്‍ പോലീസിന്റെ മുന്നറിയിപ്പ്. കുറ്റം തെളിയിക്കപ്പെടുന്നത് വരെ മോഷണം നടത്തിയെന്ന് ആരോപിക്കപ്പെടുന്ന വ്യക്തിക്ക് സ്വകാര്യതയ്ക്കുള്ള അവകാശമുണ്ടെന്ന് പോലീസ് പറയുന്നു. ഫോട്ടോ പോസ്റ്റ് ചെയ്താല്‍ കേസ് കോടതിയില്‍ എത്തുമ്പോള്‍ വളരെ സങ്കീര്‍ണമാകുമെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.