ടെക്സസ്: ടെക് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ഇടപാടിന്‍റെ അഭ്യൂഹങ്ങള്‍ മുറുകുകയാണ് അമേരിക്കയില്‍. ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ടിക്‌ടോക്കിന്‍റെ അമേരിക്കന്‍ ബിസിനസ് എക്സ് ഉടമ ഇലോണ്‍ മസ്ക് സ്വന്തമാക്കുമോ എന്നതാണ് ആകാംക്ഷ. അമേരിക്കയില്‍ ടിക്‌ടോക്കിന് വരാനിടയുള്ള നിരോധനം മറികടക്കാനുള്ള കുറുക്കുവഴിയായി ആപ്പിന്‍റെ യുഎസ് ഇടപാടുകള്‍ മസ്കിനെ ഏല്‍പിക്കാന്‍ ടിക്‌ടോക്കിനും താല്‍പര്യമുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ജനുവരി 19ന് മുമ്പ് ടിക്‌ടോക് ഏതെങ്കിലും അമേരിക്കന്‍ കമ്പനിക്ക് വില്‍ക്കുകയോ യുഎസിലെ പ്രവര്‍ത്തനം പൂര്‍ണമായും അവസാനിപ്പിക്കുകയോ വേണം. ഈ സാഹചര്യത്തിലാണ് ഇലോണ്‍ മസ്ക് അടക്കമുള്ള വമ്പന്‍മാര്‍ ടിക്ടോകിന്‍റെ അമേരിക്കന്‍ ബിസിനസ് വാങ്ങാനായി രംഗപ്രവേശം ചെയ്തിരിക്കുന്നത്. ടിക്ടോക്കിന്‍റെ അമേരിക്കന്‍ ബിസിനസ് മസ്കിന് വില്‍ക്കാന്‍ ചൈനീസ് വൃത്തങ്ങള്‍ക്ക് താത്പര്യമുണ്ട് എന്നാണ് ഫോബ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപുമായുള്ള മസ്കിനുള്ള ബന്ധം മുതലെടുക്കാനും ഇതിലൂടെ ചൈന ലക്ഷ്യമിടുന്നു. ഇലോണ്‍ മസ്കിന് പുറമെ ആമസോണ്‍, മൈക്രോസോഫ്റ്റ്, ഒറാക്കിള്‍ അടക്കമുള്ള വമ്പന്‍ കമ്പനികള്‍ക്കും ടിക്ടോകിന്‍റെ യുഎസ് ബിസിനസ് വാങ്ങാന്‍ താല്‍പര്യമുണ്ട് എന്നാണ് സൂചന.
ചൈനീസ് കമ്പനിയായ ബൈറ്റ് ഡാന്‍സിന്‍റെ ഉടമസ്ഥതയിലുള്ള ചൈനീസ് ഷോര്‍ട്-വീഡിയോ പ്ലാറ്റ്‌ഫോമാണ് ടിക്ടോക്. ലോകത്തില്‍ ഏറ്റവും പ്രചാരമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൊന്നായ ടിക്ടോക്കിനെ സുരക്ഷാ കാരണം പറഞ്ഞാണ് നിരോധിക്കാന്‍ അമേരിക്ക ആലോചിക്കുന്നത്. ഈ നിരോധനം മറികടക്കണമെങ്കില്‍ ടിക്ടോകിന്‍റെ അമേരിക്കന്‍ ബിസിനസ് യുഎസ് കമ്പനികളിലൊന്ന് ഏറ്റെടുത്തേപറ്റൂ. കഴിഞ്ഞ ട്രംപ് ഭരണത്തില്‍ ടിക്ടോകിനെ ഏറ്റെടുക്കാന്‍ അമേരിക്കന്‍ കമ്പനികള്‍ ശ്രമിച്ചിരുന്നെങ്കിലും ഇടപാട് നടന്നില്ല.
അതേസമയം ടിക്ടോക്കിന്‍റെ അമേരിക്കന്‍ ബിസിനസ് ഇലോണ്‍ മസ്ക് ഏറ്റെടുക്കുമോ എന്ന ചോദ്യം കെട്ടുകഥ എന്നുപറഞ്ഞ് തള്ളുകയാണ് ടിക്ടോക് വക്താവ് മൈക്കില്‍ ഹ്യൂസ് ചെയ്‌തത്. ഡീലിനെ കുറിച്ച് മസ്കും ഇതുവരെ മനസുതുറന്നിട്ടില്ല. എന്തായാലും ടിക്ടോക്കിന്‍റെ അമേരിക്കയിലെ ഭാവിയെ കുറിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ അന്തിമ തീരുമാനം അറിയാം. ഇടപാടുകള്‍ സാധ്യമായാല്‍ ടിക്ടോക്കിന്‍റെ യുഎസ് ബിസിനസ് വാങ്ങാന്‍ മസ്കോ മറ്റുള്ളവരോ മൂന്നരലക്ഷം കോടി രൂപയെങ്കിലും മുടക്കേണ്ടിവരും എന്നാണ് റിപ്പോര്‍ട്ട്.