ഡിഗ്രിയും എക്‌സ്‌പീരിയൻസുമല്ല...കഴിവാണ് മെയിൻ; എവരിതിങ് ആപ്പിന് എഞ്ചിനീയർമാരെ തിരഞ്ഞ് മസ്‌ക്

By: 600007 On: Jan 18, 2025, 4:52 AM

 

 

ടെക്സസ്: എവരിതിങ് ആപ്പ് വികസിപ്പിക്കാൻ കഴിവുള്ള സോഫ്റ്റ്‌വെയര്‍ എൻജീനിയർമാരെ തിരഞ്ഞ് എക്സ് തലവൻ ഇലോൺ മസ്‌ക്. ഔദ്യോഗിക വിദ്യാഭ്യാസമല്ല, കഴിവാണ് ഉദ്യോഗാര്‍ഥികള്‍ക്ക് ആവശ്യമെന്നാണ് മസ്‌ക് ഇതുമായി ബന്ധപ്പെട്ട് എക്സിൽ പങ്കുവെച്ച് പോസ്റ്റിൽ പറയുന്നത്. അപേക്ഷകർ സ്‌കൂളിൽ പോയിട്ടുണ്ടോ? എവിടെയാണ് പഠിച്ചത്? നേരത്തെ ഏത് 'വലിയ' കമ്പനിയിലാണ് ജോലി ചെയ്തത് എന്നതൊന്നും അറിയേണ്ടെന്നും, ചെയ്ത കോഡ് മാത്രം കാണിച്ചാൽ മതിയെന്നും മസ്ക് പോസ്റ്റിൽ വിശദീകരിക്കുന്നു.

എക്സ് സ്വന്തമാക്കിയത് മുതൽ ഇലോണ്‍ മസ്ക് അവതരിപ്പിക്കുന്ന ആശയമാണ് എവരിതിങ് ആപ്പ്. പേയ്മെന്‍റ്, മെസേജിങ്, ഇകൊമേഴ്‌സ്, മൾട്ടിമീഡിയ എന്നിവയെല്ലാം ഉൾക്കൊള്ളുന്ന പ്ലാറ്റ്‌ഫോമായി എക്സിനെ മാറ്റുകയാണ് മസ്കിന്‍റെ ലക്ഷ്യം. ചൈനയിലെ വി ചാറ്റ് എന്ന ആപ്പിന് സമാനമാണിത്. 2023 ഒക്ടോബറിൽ നടന്ന ഒരു ആഭ്യന്തര മീറ്റിംഗിലാണ് "ട്വിറ്റർ 1.0" ൽ നിന്ന് വിവിധ സേവനങ്ങൾ ഉൾപ്പെടുന്ന ഒരു പ്ലാറ്റ്‌ഫോമായി എക്സ് അതിവേഗം രൂപാന്തരപ്പെടുകയാണെന്ന് മസ്‌ക് പറഞ്ഞത്. ഉപയോക്താക്കൾക്ക് ഒരൊറ്റ ആപ്പിലൂടെ ഒന്നിലധികം സേവനങ്ങൾ ആക്‌സസ് ചെയ്യാൻ കഴിയുന്ന രീതിയിലേക്ക് എക്സിനെ മാറ്റാൻ പദ്ധതിയുണ്ടെന്നും മസ്ക് അന്ന് പറഞ്ഞിരുന്നു.

കൂടാതെ, എക്‌സ് മണി, എക്‌സ് ടിവി എന്നിവയ്ക്ക് കീഴിലുള്ള സാമ്പത്തിക സേവനങ്ങളും സ്‌ട്രീമിംഗ് ഓപ്ഷനുകളും 2025-ൽ അവതരിപ്പിക്കുമെന്ന് എക്‌സ് സിഇഒ ലിൻഡ യാക്കാരിനോ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. പ്ലാറ്റ്‌ഫോമിന് കൂടുതൽ പ്രവർത്തനക്ഷമത നൽകിക്കൊണ്ട് എക്‌സിന്‍റെ എഐ ചാറ്റ്‌ബോട്ട് ഗ്രോക്കിന്‍റെ മെച്ചപ്പെടുത്തലുകളും മസ്‌ക് ആസൂത്രണം ചെയ്തിട്ടുണ്ട്.