റെഡ് 3 ഡൈയ്ക്ക് നിരോധനമില്ല, കാനഡയിൽ തുടർന്നും ലഭ്യമാകും

By: 600110 On: Jan 17, 2025, 11:55 AM

 

അമേരിക്കയിൽ നിരോധിച്ച സിന്തറ്റിക് റെഡ് ഫുഡ് ഡൈ കാനഡയിൽ തുടർന്നും ലഭ്യമാകും. ഇത് മനുഷ്യർക്ക് അപകടമുണ്ടാക്കുന്നില്ലെന്ന് ഹെൽത്ത് കാനഡ കണ്ടെത്തിയതിനെ തുടർന്നാണ് നിരോധിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. യുഎസ് ഫുഡ് ആൻഡ് ഡ്രഗ് ഫുഡ് അഡ്മിനിസ്ട്രേഷൻ നിരോധിച്ചതോടെ യൂറോപ്പ്, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിലും റെഡ് 3 ഉപയോഗിക്കുന്നതിന് നിയന്ത്രണമുണ്ട്. 

കാൻസർ ഉണ്ടാകാൻ സാധ്യതയുള്ളതിനാലാണ് എഫ്ഡിഐ റെഡ് 3 ഡൈ നിരോധിച്ചത്. എലികളിൽ നടത്തിയ പഠനങ്ങളിലായിരുന്നു കാൻസർ സാധ്യത കണ്ടെത്തിയത്. മനുഷ്യരിൽ സാധ്യത കുറവെങ്കിലും നിരോധിക്കുകയാണ് നല്ലതെന്ന നിർദ്ദേശത്തെ തുടർന്നാണ് അമേരിക്കയിൽ റെഡ് 3 ഡൈ നിരോധിച്ചത്. റെഡ് 3 ഡൈ ആരോഗ്യത്തിന് ഹാനികരമാണ് എന്നതിനുള്ള  തെളിവുകൾ കുറവാണെന്ന ഹെൽത്ത് കാനഡയുടെ നിലപാടിനോട് മക്ഗിൽ യൂണിവേഴ്‌സിറ്റിയിലെ ജോ ഷ്വാർക്‌സ് യോജിക്കുന്നുണ്ട്. എങ്കിലും റെഡ് ഡൈ നിരോധിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാരണം ഭക്ഷണങ്ങൾ കൂടുതൽ ആകർഷകമാക്കുന്നതിനപ്പുറം റെഡ് 3 ഡൈ ഉപയോഗിക്കുന്നതിലൂടെ പോഷകമൂല്യമൊന്നും വർധിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു.