കാനഡയ്ക്ക് താരിഫ് ചുമത്തുമെന്നുള്ള ഡൊണാൾഡ് ട്രംപിൻ്റെ പ്രഖ്യാപനം സാമ്പത്തിക യുദ്ധമെന്ന് ബിസി പ്രീമിയർ ഡേവിഡ് എബി. താരിഫ് നടപ്പായാൽ ബ്രിട്ടീഷ് കൊളംബിയയ്ക്ക് വിനാശകരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും പ്രീമിയർ വ്യക്തമാക്കി.
വ്യാഴാഴ്ച പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും പ്രീമിയർമാരുമായുള്ള യോഗത്തിൽ പ്രധാന ചർച്ചാവിഷയം ട്രംപ് നടപ്പാക്കുമെന്ന് വ്യക്തമാക്കിയ താരിഫിനെക്കുറിച്ചായിരുന്നു. കാനഡയ്ക്കും ബ്രിട്ടീഷ് കൊളംബിയയ്ക്കും എതിരായ സാമ്പത്തിക യുദ്ധത്തിൻ്റെ ആവർത്തിച്ചുള്ള പ്രഖ്യാപനങ്ങൾ ട്രംപ് നടത്തിയിട്ടുണ്ടെന്ന് പ്രീമിയർ ഡേവിഡ് എബി പറഞ്ഞു. താരിഫ് യാഥാർത്ഥ്യമാവുകയാണെങ്കിൽ ബിസിക്ക് 69 ബില്യൻ ഡോളറിൻ്റെ സഞ്ചിത നഷ്ടം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും 124,000 ജോലികൾ നഷ്‌ടപ്പെട്ടേക്കുമെന്നും ബിസി ധനമന്ത്രി വ്യക്തമാക്കി. യുഎസിൽ നടപ്പാകാനിരിക്കുന്ന നയങ്ങളുടെ കൃത്യമായ സ്വഭാവം ഇത് വരെ വ്യക്തമായിട്ടില്ല. അത് കൊണ്ട് തന്നെ പ്രതിവിധിയായി എന്ത് നടപടികൾ വേണമെന്ന് തീരുമാനിക്കുക നിലവിൽ ദുഷ്കരമാണെന്നും ബിസി ധനമന്ത്രി ബ്രെണ്ട ബെയ്ലി പറഞ്ഞു