ലോക നേതാക്കൾക്ക് പോലും ഓൺലൈൻ വഴി തട്ടിപ്പ് ഫോൺ കോളുകൾ ലഭിക്കുന്നതായി റിപ്പോർട്ട്. തായ്‌ലൻഡ് പ്രധാനമന്ത്രിക്ക് ഇത്തരത്തിൽ വ്യാജ ടെലിഫോൺ സന്ദേശം ലഭിച്ചതായി അവർ വെളിപ്പെടുത്തി. പ്രശസ്തനായ മറ്റൊരു രാജ്യ നേതാവിൻ്റെ ശബ്ദത്തിൽ പണം ആവശ്യപ്പെട്ട് കോൾ വന്നതായി തായ്‌ലൻഡ് പ്രധാനമന്ത്രി പെറ്റോങ്‌ടാൻ ഷിനവത്രയാണ് വെളിപ്പെടുത്തിയത്. എന്നാൽ ഏത് നേതാവിൻ്റെ ശബ്ദത്തിലാണ് തനിക്ക് സന്ദേശം ലഭിച്ചതെന്ന് അവർ വെളിപ്പെടുത്തിയില്ല.
അതേ നമ്പറിൽ നിന്ന് പിന്നീട് പണം ആവശ്യപ്പെട്ട് ഒരു വോയ്‌സ് മെസേജ് ലഭിച്ചെന്നും അവർ വ്യക്തമാക്കി. സംഭാവന നൽകാത്ത അസോസിയേഷൻ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസിലെ ഏക രാജ്യം തായ്ലാൻ്റ് ആണെന്ന് പറഞ്ഞായിരുന്നു സന്ദേശം.ഒരു നിമിഷം ഞെട്ടിപ്പോയി എന്നും പിന്നിട് തട്ടിപ്പ് മനസ്സിലാക്കി എന്നും ഷിനവത്ര പറഞ്ഞു. തെക്കുകിഴക്കൻ ഏഷ്യയിൽ ഇത്തരം തട്ടിപ്പുകൾ അസാധാരണമല്ല. സമീപ വർഷങ്ങളിൽ, ലോകമെമ്പാടുമുള്ള ആളുകളെ കബളിപ്പിക്കുവാനും ഒരു ബില്യൺ ഡോളർ തട്ടിയെടുക്കാനും ഒപ്പം മ്യാൻമറിലെ ആഭ്യന്തരയുദ്ധവും മുതലെടുക്കാനും അന്തർദേശീയ കുറ്റകൃത്യങ്ങൾ നടത്തുന്നവർ ലക്ഷ്യമിട്ടതായി അന്വേഷണ ഏജൻസികൾ പറയുന്നു.