പ്രതികൂല കാലാവസ്ഥ മൂലമുണ്ടായ നാശനഷ്ടം: റെക്കോര്‍ഡ് നാശനഷ്ടമുണ്ടാക്കിയത് കാല്‍ഗറിയിലെ ആലിപ്പഴവര്‍ഷമെന്ന് റിപ്പോര്‍ട്ട് 

By: 600002 On: Jan 17, 2025, 8:55 AM

 

 

മോശം കാലാവസ്ഥ മൂലം കാനഡ കഴിഞ്ഞ വര്‍ഷം ഇന്‍ഷ്വര്‍ ചെയ്തത് റെക്കോര്‍ഡ് നാശനഷ്ടമെന്ന് കറ്റാസ്‌ട്രോഫി ഇന്‍ഡിസെസ് ആന്‍ഡ് ക്വാണ്ടിഫിക്കേഷന്‍ ഇന്‍ക്(CatlQ) തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. മൊത്തം 8.55 ബില്യണ്‍ ഡോളറിന്റെ നാശനഷ്ടമുണ്ടായ ആല്‍ബെര്‍ട്ടയാണ് പട്ടികയില്‍ ഒന്നാമത്. 2024 ലെ ഏറ്റവും വിനാശകരമായ പ്രകൃതിദുരന്തമായിരുന്നു ഓഗസ്റ്റ് മാസം കാല്‍ഗറിയിലുണ്ടായ ആലിപ്പഴ വര്‍ഷം. അതി തീവ്രമായ ആലിപ്പഴ വര്‍ഷത്തില്‍ വീടുകള്‍, ബിസിനസ് സ്ഥാപനങ്ങള്‍, വാഹനങ്ങള്‍, കാല്‍ഗറി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്നിവയുള്‍പ്പെടെയുള്ളവയ്ക്ക്  വലിയ കേടുപാടുകളുണ്ടായി. 

ആലിപ്പഴ വര്‍ഷത്തെ തുടര്‍ന്ന് മൂന്ന് ബില്യണ്‍ ഡോളറിന്റെ നാശനഷ്ടമാണ് ഇന്‍ഷ്വര്‍ ചെയ്തത്. ആഗസ്റ്റ് 5 ന് ഉണ്ടായ ആലിപ്പഴ വര്‍ഷത്തിന്റെ ഫലമായി ഒരു ദിവസം കൊണ്ട് 130,000 ഇന്‍ഷുറന്‍സ് ക്ലെയിമുകളാണ് ഫയല്‍ ചെയ്യപ്പെട്ടതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

ആല്‍ബെര്‍ട്ടയിലെ ജാസ്പറില്‍ ജൂലൈ അവസാനത്തോടെ കാട്ടുതീ പടര്‍ന്നുപിടിച്ച് രണ്ടാഴ്ചയ്ക്കുള്ളിലാണ് ആലിപ്പഴ വര്‍ഷമുണ്ടായത്. ജാസ്പറില്‍ മൂന്നിലൊന്ന് കെട്ടിടങ്ങളും തീയില്‍ കത്തിനശിച്ചു. കാട്ടുതീ മൂലം ഇന്‍ഷ്വര്‍ ചെയ്ത നാശനഷ്ടം 1.1 ബില്യണ്‍ ഡോളറാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.