ആറ് മണിക്കൂര്‍ ബഹിരാകാശ നടത്തം; ഏഴ് മാസത്തിനിടെ ആദ്യമായി പുറത്തിറങ്ങി സുനിത വില്യംസ്

By: 600007 On: Jan 17, 2025, 6:51 AM

 

കാലിഫോര്‍ണിയ: 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കി ഇന്ത്യന്‍ വംശജയായ സുനിത വില്യംസ്. നിര്‍ണായക അറ്റകുറ്റപ്പണികള്‍ക്ക് വേണ്ടിയാണ് സുനിത വില്യംസ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് (ഐഎസ്എസ്) പുറത്തിറങ്ങിയത്. സുനിതയ്ക്കെപ്പം നിക്ക് ഹേഗും സ്പേസ്‌വോക്ക് നടത്തി. 'യുഎസ് സ്പേസ്‌വോക്ക് 91' എന്നായിരുന്നു നിലയത്തിലെ നിര്‍ണായക അറ്റകുറ്റപ്പണികള്‍ അടങ്ങിയ ദൗത്യത്തിന്‍റെ പേര്. ഇത്തവണ ബഹിരാകാശ നിലയത്തിലെത്തിയ ശേഷമുള്ള ഏഴ് മാസത്തിനിടെ ആദ്യമായാണ് സുനിത വില്യംസ് ഐഎസ്എസിന് പുറത്തിറങ്ങിയത് എന്ന പ്രത്യേകതയുമുണ്ട്. 

സുനിത വില്യംസിന്‍റെ കരിയറിലെ എട്ടാം സ്പേസ്‌വോക്കാണിത്. നിക്ക് ഹേഗ് നാലാം തവണയാണ് ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കുന്നത്. ആറ് മണിക്കൂറോളം നേരം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്ത് ചിലവഴിച്ച സുനിതയും നിക്കും നൈസര്‍ എക്സ്‌-റേ ടെലസ്കോപ്പില്‍ അറ്റകുറ്റപ്പണി നടത്തി. ഐഎസ്എസിന്‍റെ ഔറിയന്‍റേഷന്‍ കണ്‍ട്രോള്‍ നിയന്ത്രിക്കുന്ന ഗൈറോ പുനഃസ്ഥാപിച്ചു. മറ്റെന്തെങ്കിലും അറ്റകുറ്റപ്പണികള്‍ നിലയത്തിന് ഉടന്‍ ആവശ്യമുണ്ടോ എന്ന് ഇരുവരും പരിശോധിക്കുകയും ചെയ്തു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്‍റെ പ്രവര്‍ത്തനം സുഗമമാക്കുന്നതിനും കാലാവധി ഉറപ്പിക്കുന്നതിനും അനിവാര്യമായ അറ്റകുറ്റപ്പണികളാണ് സുനിത വില്യംസും നിക്ക് ഹേഗും പൂര്‍ത്തിയാക്കിയത് എന്ന് നാസ അറിയിച്ചു. 


ജനുവരി 23ന് അടുത്ത സ്പേസ്‌വോക്കും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്ത് നാസ നടത്തും. സുനിത വില്യംസിനൊപ്പം ബാരി വില്‍മോറാണ് ഈ സ്പേസ്‌വോക്കിനായി നിലയത്തിന് പുറത്തിറങ്ങുക. ഐഎസ്എസ് ട്രസിൽ നിന്ന് ഒരു റേഡിയോ ഫ്രീക്വൻസി ഗ്രൂപ്പ് ആന്‍റിന നീക്കം ചെയ്യുക ഇവരുടെ ചുമതലയായിരിക്കും. നിലയത്തിന്‍റെ പുറംഭാഗത്തുണ്ടാവാന്‍ സാധ്യതയുള്ള മൈക്രോബയോളജിക്കല്‍ ജീവനെ കുറിച്ച് പഠിക്കാന്‍ ഡെസ്റ്റിനി ലാബിലും ക്വിസ്റ്റ് എയര്‍ലോക്കിലും നിന്ന് സാംപിളുകള്‍ ശേഖരിക്കുക, കനാഡാം2 റോബോട്ടിംഗ് കൈയിലെ അറ്റകുറ്റപ്പണി നടത്തുക എന്നിവയും സുനിത-ബാരി സഖ്യത്തിന്‍റെ ചുമതലയാണ്. 

2024 ജൂണിൽ ഒരാഴ്‌ചത്തെ ദൗത്യത്തിനായി ബോയിങിന്‍റെ സ്റ്റാർലൈനർ പേടകത്തില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിയവരാണ് സുനിത വില്യംസും ബുച്ച് വില്‍മോറും. എന്നാല്‍ സ്റ്റാര്‍ലൈനറിലെ സാങ്കേതിക തകരാര്‍ കാരണം ഇരുവര്‍ക്കും നിശ്ചയിച്ച സമയത്ത് ഭൂമിയിലേക്ക് മടങ്ങിവരാനായില്ല. പിന്നീട് 2025 ഫെബ്രുവരിയിലേക്ക് നീട്ടിയ ഇരുവരുടെയും മടക്കം മാര്‍ച്ചിന് മുമ്പ് നടക്കാന്‍ സാധ്യതയില്ല എന്നാണ് നാസ നല്‍കിയ ഏറ്റവും പുതിയ അപ്‌ഡേറ്റ്. നിലവില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്‍റെ കമാന്‍ഡറാണ് സുനിത വില്യംസ്.