മ്യാന്മറിന് ആറ് ആനകള്‍ക്ക് പകരമായി ആറ് യുദ്ധവിമാനങ്ങള്‍ റഷ്യ മ്യാന്മറിന് കൈമാറിയതായി അഭ്യൂഹം. എസ്‍യു-30എസ്എംഇ വിമാനങ്ങളാണ് റഷ്യ ആനകള്‍ക്ക് പകരമായി കൈമാറിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇക്കാര്യം റഷ്യയോ മ്യാന്മറോ സ്ഥിരീകരിച്ചിട്ടില്ല. bulgarianmilitary.com എന്ന ഓൺലൈൻ പോർട്ടലാണ് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്ത നൽകിയത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൻ്റെ 75-ാം വാർഷികത്തിലായിരുന്നു ആനകളെ കൈമാറിയത്. മ്യാൻമറിൽ ആനകളെ ശക്തിയുടെയും ഭാഗ്യത്തിൻ്റെയും പ്രതീകമായി കാണുന്നതിനാൽ റഷ്യക്ക് കൈമാറിയത് സമ്മാനമാകാമെങ്കിലും യുദ്ധവിമാനങ്ങൾക്കുള്ള പണം നൽകുന്നതിന്റെ ഭാഗമായാണ് ആനകളെ കൈമാറിയതെന്ന് സംശയിക്കുന്നതായും പറയുന്നു. 400 മില്യൺ ഡോളർ വിലമതിക്കുന്നതാണ് ജെറ്റുകൾ. ഈ വർഷമാണ് വിമാനങ്ങൾ കൈമാറിയത്. റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖരോവ ആനകൾക്ക് ഭക്ഷണം നൽകുന്ന വീഡിയോയും പുറത്തുവന്നു.