നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ടിക് ടോക്കിൻ്റെ സിഇഒ പങ്കെടുത്തേക്കുമെന്ന് സൂചന. മുൻ പ്രസിഡൻ്റുമാർ, കുടുംബാംഗങ്ങൾ, മറ്റ് പ്രധാന അതിഥികൾ എന്നിവർക്കായി പ്രത്യേകം സീറ്റുകൾ ഒരുക്കിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. ചടങ്ങിലേക്ക് ടിക് ടോക്ക് സിഇഒ ഷൗ സി ച്യൂവിനെ ക്ഷണിച്ചിട്ടുണ്ടെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ടിക്ക് ടോക്കോ അതിൻ്റെ ചൈനീസ് മാതൃസ്ഥാപനമായ ബൈറ്റ്ഡാൻസോ ഈ വാർത്തയോട് പ്രതികരിച്ചിട്ടില്ല.
170 ദശലക്ഷത്തിലധികം ഉപയോക്താക്കളാണ് അമേരിക്കയിൽ ടിക്ക് ടോക്കിനുള്ളത്. യുവാക്കൾക്കും പരസ്യദാതാക്കൾക്കുമിടയിൽ ടിക് ടോക്ക് വളരെ ജനപ്രിയമാണ്. എന്നാൽ അമേരിക്കയിൽ ടിക് ടോക്കിനു വിവിധ തരത്തിലുള്ള നിയന്ത്രങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. 13 വയസില്‍ താഴെയുള്ള കുട്ടികള്‍ ആപ്പില്‍ ചേരുന്നത് തടയാന്‍ കമ്പനിക്കായില്ലെന്നും മാതാപിതാക്കളുടെ അനുമതിയില്ലാതെ കുട്ടികളെ ആപ്ലിക്കേഷനില്‍ ചേരാന്‍ അനുവദിക്കുന്നതിലൂടെ ടിക്‌ടോക്കും മാതൃകമ്പനിയായ ബൈറ്റ്‌ഡാന്‍സും കുട്ടികളുടെ ഓണ്‍ലൈന്‍ സ്വകാര്യത സംരക്ഷണ നിയമം ഇപ്പോഴും ലംഘിക്കുന്നതായി അമേരിക്ക ആരോപിച്ചിരുന്നു. ഇതിനെതിരെ കേസുകളും ഉണ്ടായിരുന്നു. ഇതേ തുടർന്ന് ടിക് ടോക്കിനു അമേരിക്കൻ കോടതി നിരോധനം ഏർപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ഏപ്രിലിൽ, ജോ ബൈഡൻ ബൈറ്റ്ഡാൻസ് തങ്ങളുടെ യുഎസ് ആസ്തികൾ ജനുവരി 19-നകം വിൽക്കണമെന്ന് ഉത്തരവിട്ടിരുന്നു. അല്ലെങ്കിൽ ബൈറ്റ്ഡാൻസിന് രാജ്യവ്യാപകമായി നിരോധനം നേരിടേണ്ടിവരും എന്നും അറിയിച്ചിരുന്നു. ഇതിനെ തുടർന്ന് ഹ്രസ്വ-വീഡിയോ പ്ലാറ്റ്‌ഫോമായ ടിക് ടോക് യുഎസിലെ പ്രവർത്തനങ്ങൾ ഞായറാഴ്ച അവസാനിപ്പിക്കാൻ പോകുന്നതായും റിപ്പോർട്ടുണ്ട്. ഇത് താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള കാര്യം ട്രംപ് പരിഗണിക്കുന്നതായി വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ ടിക് ടോക്ക് സിഇഒ ഷൗ സി ച്യൂ ചടങ്ങിലെത്തുന്നത് ശ്രദ്ധേയമാകും.