മറ്റൊരു യുഗാരംഭം, സ്പേസ് എക്സിന് മറുപടി; 320 അടി ഉയരമുള്ള ന്യൂ ഗ്ലെന്‍ റോക്കറ്റ് ബ്ലൂ ഒറിജിന്‍ വിക്ഷേപിച്ചു

By: 600007 On: Jan 16, 2025, 6:11 PM

 

ഫ്ലോറിഡ: ബഹിരാകാശ വിക്ഷേപണ രംഗത്ത് പുത്തന്‍ യുഗത്തിന് തുടക്കം. അമേരിക്കന്‍ ശതകോടീശ്വരനായ ജെഫ് ബെസോസ് സ്ഥാപിച്ച ബ്ലൂ ഒറിജിന്‍ കമ്പനിയുടെ പുനരുപയോഗിക്കാന്‍ കഴിയുന്ന ഹെവി-ലിഫ്റ്റ് ലോഞ്ച് വെഹിക്കിളായ 'ന്യൂ ഗ്ലെന്‍' റോക്കറ്റിന്‍റെ കന്നി പരീക്ഷണം നടത്തി. ഫ്ലോറിഡയിലെ കേപ് കനാവറൽ സ്പേസ് ഫോഴ്‌സ് സ്റ്റേഷനില്‍ നിന്ന് ഇന്ന് കുതിച്ചുയര്‍ന്ന ന്യൂ ഗ്ലെന്‍ റോക്കറ്റ് ബ്ലൂ റിങ് പേലോഡ് ഭ്രമണപഥത്തില്‍ വിജയകരമായി വിന്യസിച്ചു. പക്ഷേ ന്യൂ ഗ്ലെന്‍ റോക്കറ്റിന്‍റെ ബൂസ്റ്റര്‍ ഭാഗം സുരക്ഷിതമായി കടലില്‍ തിരിച്ചിറക്കാന്‍ ആദ്യ ശ്രമത്തില്‍ കമ്പനിക്കായില്ല.


ഫ്ലോറിഡയിലെ മോശം കാലാവസ്ഥയും സാങ്കേതിക പ്രശ്‌നങ്ങളും കാരണം നിശ്ചയിച്ചിരുന്നതിലും ദിവസങ്ങള്‍ വൈകിയാണ് ന്യൂ ഗ്ലെന്‍ റോക്കറ്റ് വിക്ഷേപിക്കാന്‍ ബ്ലൂ ഒറിജിനായത്. എന്‍ജി-1 എന്ന് ഔദ്യോഗികമായി പേരിട്ടിരുന്ന കന്നി പരീക്ഷണ ദൗത്യത്തില്‍ ലോഞ്ചിന് 12 മിനിറ്റുകള്‍ക്ക് ശേഷം റോക്കറ്റിന്‍റെ മുകള്‍ ഭാഗം മുന്‍നിശ്ചയിച്ച ഭ്രമണപഥത്തിലെത്തി. ബ്ലൂ റിങ് പാത്ത്‌ഫൈന്‍ഡര്‍ ഭ്രമണപഥത്തില്‍ വിജയകരമായി വിന്യസിച്ചു. എന്നാല്‍ പുനരുപയോഗിക്കാന്‍ കഴിയുന്ന ബൂസ്റ്റര്‍ ഭാഗം അറ്റ്‌ലാന്‍ഡിക് സമുദ്രത്തിലെ താല്‍ക്കാലിക തറയില്‍ സുരക്ഷിതമായി തിരിച്ചിറക്കാനുള്ള ശ്രമം അവസാന നിമിഷം പരാജയപ്പെട്ടു. ഭ്രമണപഥം താണ്ടുകയെന്ന പ്രാഥമിക ലക്ഷ്യം നിറവേറ്റിയെന്നും ബൂസ്റ്റര്‍ ആദ്യ ശ്രമത്തില്‍ തന്നെ ലാന്‍ഡ് ചെയ്യിക്കുക അതിമോഹമാണെന്ന് നമുക്കറിയാമെന്നുമാണ് ബ്ലൂ ഒറിജിന്‍റെ ട്വീറ്റ്. ബ്ലൂ റിങ് പാത്ത്‌ഫൈന്‍ഡറില്‍ നിന്ന് വിവരങ്ങള്‍ ബ്ലൂ ഒറിജിന് ലഭ്യമായിത്തുടങ്ങി. 

ഈ വര്‍ഷം (2025) ആറ് മുതല്‍ എട്ട് വരെ ന്യൂ ഗ്ലെന്‍ റോക്കറ്റുകള്‍ അയക്കുകയാണ് ബ്ലൂ ഒറിജിന്‍റെ ലക്ഷ്യം. ബഹിരാകാശ രംഗത്ത് പുതിയ യുഗത്തിന് തുടക്കമാകുന്നു എന്നാണ് ന്യൂ ഗ്ലെന്‍ റോക്കറ്റ് പരീക്ഷണത്തിന് സാക്ഷ്യം വഹിച്ചുകൊണ്ട് ജെഫ് ബെസോസിന്‍റെ വാക്കുകള്‍. ബഹിരാകാശ യാത്ര എല്ലാവരും ചേര്‍ന്ന് ചിലവ് കുറച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങളിലാണെന്നും ബെസോസ് കൂട്ടിച്ചേര്‍ത്തു.