ജീവിക്കാനായി പലതരം ജോലികൾ ചെയ്യുന്ന ആളുകളെ നാം കണ്ടിട്ടുണ്ടാവും. എന്നാൽ നാട്ടുകാരെ പുകഴ്ത്തുന്നത് ജോലിയാക്കി മാറ്റിയ ഒരു മനുഷ്യനെ കുറിച്ച് കേട്ടിട്ടുണ്ടോ? സംഗതി സത്യമാണ്, തെരുവിൽ നിന്ന് നാട്ടുകാരെ പുകഴ്ത്തി ഇയാൾ ഓരോ ദിവസവും സമ്പാദിക്കുന്നത് 5,000 മുതൽ 10,000 രൂപ വരെ. എന്താ, ഒന്ന് പ്രശംസിച്ച് നോക്കണം എന്നുണ്ടോ?
ചൂതാട്ടത്തിലൂടെ തന്‍റെ സമ്പാദ്യം മുഴുവൻ നഷ്ടപ്പെടുത്തിക്കളഞ്ഞ ഒരു ജപ്പാൻകാരനാണ് ഇപ്പോൾ ജീവിക്കാൻ മറ്റൊരു മാർഗവും ഇല്ലാതെ നാട്ടുകാരെ പുകഴ്ത്തുന്നത് ജോലിയാക്കി മാറ്റിയിരിക്കുന്നത്. ഒരു തെരുവ് കലാകാരനായി സ്വയം വിശേഷിപ്പിക്കുന്ന ഇദ്ദേഹം തനിക്ക് മുൻപിൽ എത്തുന്ന ആളുകളെ പ്രശംസിച്ചാണ് ജീവിക്കാനുള്ള വരുമാനം കണ്ടെത്തുന്നതെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. 'പ്രെയിസിംഗ് അങ്കിൾ' എന്ന പേരിലാണ് ഇദ്ദേഹം അറിയപ്പെടുന്നതെന്ന് ജപ്പാനിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട വാർത്താക്കുറിപ്പുകൾക്കൊപ്പം 'ഞാൻ നിങ്ങളെ ആവേശത്തോടെ പ്രശംസിക്കും' എന്ന് എഴുതിയ ഒരു കാർഡുമായി തെരുവിൽ നിൽക്കുന്ന ഈ കലാകാരന്‍റെ ചിത്രങ്ങളും വൈറലാണ്.
43 -കാരനായ ഇദ്ദേഹം തന്‍റെ പതിനെട്ടാം വയസ് മുതൽ ചൂതാട്ട ഗെയിമുകൾക്ക് അടിമയായിരുന്നു. അങ്ങനെ സമ്പാദ്യം മുഴുവൻ നഷ്ടമായതോടെ ജീവിക്കാൻ മറ്റു മാർഗ്ഗങ്ങളില്ലാതെയായി. ഒടുവിൽ മറ്റുള്ളവരെ പുകഴ്ത്തുന്നത് സ്വയം ഒരു ജോലിയായി എടുത്ത് തെരുവിലേക്ക് ഇറങ്ങി. പാട്ടുപാടുക, മാജിക്കുകൾ കാണിക്കുക തുടങ്ങി സാധാരണ തെരുവ് കലാകാരന്മാർ ആളുകളെ കയ്യിലെടുക്കാനായി കാണിക്കുന്ന കഴിവുകൾ ഒന്നും തനിക്ക് ഇല്ലാത്തതിനാലാണ് ഇത്തരത്തിൽ ഒരു ആശയം അവതരിപ്പിച്ചു നോക്കിയത് എന്നാണ് ഇദ്ദേഹം പറയുന്നത്.
ഏതായാലും സംഗതി ക്ലിക്കായി. ദിനംപ്രതി നിരവധി പേരാണ് ഇദ്ദേഹത്തിന് അരികിൽ തങ്ങളെ കുറിച്ചുള്ള പ്രശംസകൾ കേൾക്കാൻ എത്തുന്നത്. ടോക്കിയോയിലെ ഷിബുയ സ്റ്റേഷന് സമീപം നിന്ന് ഒരു പെൺകുട്ടിയുമായി രസകരമായി സംസാരിക്കുന്ന ഇദ്ദേഹത്തിന്‍റെ വീഡിയോയും സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തു വന്നിട്ടുണ്ട്. ഒരു ദിവസം ശരാശരി 30 -ലധികം ആളുകളെ പ്രശംസിക്കുന്ന ഇദ്ദേഹം 5,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഒരു ദിവസം സമ്പാദിക്കുന്നത്. കൂടാതെ ആളുകൾ സ്നേഹത്തോടെ ചോക്ലേറ്റുകളും മധുരപലഹാരങ്ങളും വസ്ത്രങ്ങളും ഒക്കെ ഇദ്ദേഹത്തിന് സമ്മാനമായി നൽകാറുമുണ്ടെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.