ട്രംപിൻ്റെ നിലപാടുകളെ ഐക്യത്തോടെ ചെറുക്കാൻ കനേഡിയൻ പ്രീമിയർമാരുടെ യോഗത്തിൽ തീരുമാനം

By: 600110 On: Jan 16, 2025, 2:01 PM

 

കാനഡയ്ക്ക് മേൽ താരിഫ് ഭീഷണി ഉയർത്തിയ ട്രംപിൻ്റെ നിലപാടുകളെ ഐക്യത്തോടെ ചെറുക്കാൻ കനേഡിയൻ പ്രവിശ്യകളുടെ  യോഗത്തിൽ തീരുമാനം. അതേ സമയം ഓയിൽ, ഗ്യാസ് കയറ്റുമതി വെട്ടിക്കുറയ്ക്കുന്നതുൾപ്പെടെയുള്ള ഒരു പ്രതികാര നടപടിയെയും ആൽബർട്ട പിന്തുണയ്ക്കില്ലെന്ന്  പ്രീമിയർ ഡാനിയേൽ സ്മിത്ത് പറഞ്ഞു .

കാനഡയ്ക്ക് മേൽ 25 ശതമാനം താരിഫ് ചുമത്തുമെന്ന നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ഭീഷണികൾക്കെതിരെ കാനഡക്കാർ ഐക്യത്തോടെ നിലകൊള്ളണമെന്ന് ഓൻ്ററിയോ പ്രീമിയർ ഡഗ് ഫോർഡ് പറയുന്നു. യുഎസ് ചുമത്തിയ താരിഫുകളെ കുറിച്ച് കാനഡ ശക്തമായ സന്ദേശം നൽകേണ്ടതുണ്ടെന്നും ഫോർഡ് പറഞ്ഞു. ബുധനാഴ്ച ഒട്ടാവയിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെയും  പ്രവിശ്യ പ്രീമിയർമാരുടെയും യോഗത്തിന് ശേഷമായിരുന്നു പ്രീമിയർമാരുടെ പ്രതികരണം. യുഎസ് താരിഫുകൾക്ക് മറുപടിയായി കാനഡ എന്ത് നടപടി സ്വീകരിക്കുമെന്ന്  നേരിട്ട് സംസാരിച്ചിട്ടില്ലെങ്കിലും, യുഎസ് സംസ്ഥാനങ്ങളിലേക്കുള്ള ഊർജ്ജ വിതരണം നിർത്തുമെന്ന് ഫോർഡ് നേരത്തേ ഭീഷണിപ്പെടുത്തിയിരുന്നു. എണ്ണ വിതരണം വെട്ടിക്കുറയ്ക്കുന്നതിനെ കുറിച്ചും ചർച്ചകൾ നടന്നിരുന്നുവെങ്കിലും   ക്യൂബെക്കിലെയും ആൽബർട്ടയിലെയും പ്രീമിയർമാർ അതിനെ എതിർത്തിരുന്നു. യുഎസിലേക്കുള്ള വിദേശ എണ്ണയുടെ ഏറ്റവും വലിയ വിതരണക്കാരാണ് കാനഡ. കാനഡ ഈസ് നോട്ട് ഫോർ സെയിൽ എന്നെഴുതിയ ബേസ് ബോൾ തൊപ്പിയുമണിഞ്ഞായിരുന്നു ഡഗ് ഫോർഡ് യോഗത്തിനെത്തിയത്.