കാനഡയിൽ വിദഗ്ദ്ധ ചികിത്സക്കായി കാത്തിരുന്ന് മരിച്ചത് 15,500 പേരെന്ന് റിപ്പോർട്ട്.2023 ഏപ്രിൽ ഒന്ന് മുതൽ 2024 മാർച്ച് 31 വരെയുള്ള കണക്കാണിത്. രാജ്യത്തുടനീളമുള്ള വിവരാവകാശ നിയമത്തിൽ വന്ന അപേക്ഷ പരിശോധിച്ച് SecondStreet.org ആണ് പുതിയ കണക്ക് പുറത്തു വിട്ടത്.
കാൻസർ ചികിത്സ, തിമിര - ഹൃദയ ശസ്ത്രക്രിയകൾ തുടങ്ങി എംആർഐ സ്കാനുകൾ വരെ ഉൾക്കൊള്ളുന്ന ഹെൽത്ത് കെയർ വെയിറ്റിംഗ് ലിസ്റ്റുകളിൽപ്പെട്ട 28,077 രോഗികളാണ് കഴിഞ്ഞ വർഷം മരിച്ചത്. ഉയർന്ന നികുതി നല്കിയിട്ടും, മികച്ച ആരോഗ്യ പരിപാലന സംവിധാനങ്ങളുള്ള യൂറോപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ കാനഡയിലെ ആരോഗ്യ മേഖല പരാജയപ്പെടുകയാണെന്ന് SecondStreet.org ലെ നിയമനിർമ്മാണ പോളിസി ഡയറക്ടർ ഹാരിസൺ ഫ്ലെമിംഗ് പറഞ്ഞു. ക്യൂബെക്ക്, ആൽബെർട്ട, ന്യൂഫൗണ്ട്‌ലാൻഡ്, ലാബ്രഡോർ എന്നീ പ്രവിശ്യകൾ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്താത്തതിനാൽ കണക്കുകൾ അപൂർണ്ണമാണെന്ന് സെക്കൻ്റ് സ്ട്രീറ്റ് പറയുന്നു. സസ്‌കാച്ചെവാനും നോവ സ്കോട്ടിയയും ശസ്ത്രക്രിയകൾക്കായി കാത്തിരിക്കുമ്പോൾ മരിച്ച രോഗികളുടെ ഡാറ്റ മാത്രമാണ് നൽകിയതെന്നും SecondStreet.org വ്യക്തമാക്കിയിട്ടുണ്ട്.