അടുത്ത ഫെഡറല്‍ തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കാനില്ലെന്ന് ജസ്റ്റിന്‍ ട്രൂഡോ

By: 600002 On: Jan 16, 2025, 11:15 AM

 


അടുത്ത ഫെഡറല്‍ തെരഞ്ഞെടുപ്പില്‍ ലിബറല്‍ പാര്‍ട്ടിക്ക് നേതൃത്വം നല്‍കില്ലെന്നതിന് പുറമെ, ക്യുബെക്ക് റൈഡിംഗില്‍ പാപ്പിനോയില്‍ എംപി സീറ്റിലേക്ക് മത്സരിക്കാനില്ലെന്നും പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. തന്റെ സ്വന്തം തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍, വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് പ്രീമിയര്‍മാര്‍ക്കൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ട്രൂഡോ പറഞ്ഞു. കനേഡിയന്‍ പൗരന്മാര്‍ തന്നെ തെരഞ്ഞെടുത്ത് ഏല്‍പ്പിച്ച ജോലി അസാധാരണമായതും സുപ്രധാനമായതുമായ ഈ സമയത്ത് ചെയ്യുന്നതിലാണ് ഇപ്പോള്‍ പൂര്‍ണമായും ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഡൊണാള്‍ഡ് ട്രംപിന്റെ സ്ഥാനാരോഹണവും തുടര്‍ന്നുള്ള ആഴ്ചകളില്‍ കാനഡ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളെ നേരിടാന്‍ ഒരു ടീമെന്ന നിലയില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

പുതിയ ലിബറല്‍ പാര്‍ട്ടി നേതാവിനെ തെരഞ്ഞെടുത്താലുടന്‍ പാര്‍ട്ടി നേതൃസ്ഥാനവും പ്രധാനമന്ത്രി സ്ഥാനവും ഒഴിയുമെന്ന് പ്രഖ്യാപിച്ചതിന് ശേഷം ഇതാദ്യമായാണ് ട്രൂഡോ മാധ്യമസമ്മേളനത്തില്‍ പ്രതികരിക്കുന്നത്. ട്രൂഡോയുടെ രാജി പ്രഖ്യാപനത്തിന് പിന്നാലെ മാര്‍ച്ച് 9 ന് ലിബറല്‍ പാര്‍ട്ടി നേതാവിനെ തെരഞ്ഞെടുക്കുമെന്ന് പാര്‍ട്ടി പ്രഖ്യാപിച്ചു. രാജി പ്രഖ്യാപിച്ചെങ്കിലും തെരഞ്ഞെടുപ്പ് വരെ ട്രൂഡോ പാര്‍ലമെന്റ് അംഗമായി തുടരും. റിട്ട് പുറപ്പെടുവിച്ചു കഴിഞ്ഞാല്‍, പാപ്പിനോയിലെ എംപി സ്ഥാനവും ഒഴിയും. 2008 ലാണ് ട്രൂഡോ ആദ്യമായി റൈഡിംഗിന്റെ എംപിയായി തെരഞ്ഞെടുക്കപ്പെട്ടത്.