ലക്ഷ്വറി റിയല്‍ എസ്‌റ്റേറ്റ് മാര്‍ക്കറ്റ്  വളര്‍ച്ചയില്‍ കാനഡയില്‍ നമ്പര്‍ വണ്ണായി കാല്‍ഗറി 

By: 600002 On: Jan 16, 2025, 10:41 AM

 

 

ലക്ഷ്വറി റിയല്‍ എസ്റ്റേറ്റ് മാര്‍ക്കറ്റ് വളര്‍ച്ചയില്‍ കാനഡയെ നയിക്കുന്നത് കാല്‍ഗറിയെന്ന് റിപ്പോര്‍ട്ട്. 2024 ല്‍ കാല്‍ഗറിയിലെ ആഢംബര റെസിഡന്‍ഷ്യല്‍ റിയല്‍ എസ്റ്റേറ്റ് 42 ശതമാനം വര്‍ധിച്ചു. 2,044 വീടുകള്‍ ഒരു മില്യണിലധികം ഡോളറിനാണ് വിറ്റതെന്ന് സതേബീസ് ഇന്റര്‍നാഷണല്‍ റിയലിറ്റി റിപ്പോര്‍ട്ട് ചെയ്യുന്നു. കാല്‍ഗറിയിലെ ഭവന വില്‍പ്പനകളില്‍ പതിനാറെണ്ണം നാല് മില്യണിലധികം ഡോളറിന് വില്‍പ്പന നടത്തിയ വിഭാഗത്തിലാണ്. 

ജനസംഖ്യാ വളര്‍ച്ചയും പലിശനിരക്ക് കുറഞ്ഞതുമാണ് ആഢംബര വീടുകളുടെ വില്‍പ്പനയില്‍ വളര്‍ച്ചയുണ്ടാകാനുള്ള പ്രധാന ഘടകങ്ങളെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്റര്‍പ്രൊവിന്‍ഷ്യല്‍ മൈഗ്രേഷനിലെ റെക്കോര്‍ഡ് വര്‍ധന, മുന്‍നിര വീടുകള്‍ ഉള്‍പ്പെടെ കാല്‍ഗറിയിലെ എല്ലാത്തരം പാര്‍പ്പിടങ്ങള്‍ക്കുമുള്ള ഡിമാന്‍ഡ് വര്‍ധിച്ചതും ഇതിന് കാരണമായി. ടൊറന്റോയില്‍ നിന്നോ വാന്‍കുവറില്‍ നിന്നോ കാല്‍ഗറിയിലേക്ക് കുടിയേറുന്ന ആളുകള്‍ വിപണികളില്‍ കൂടുതല്‍ മൂല്യം കണ്ടെത്തുന്നു. 

കാല്‍ഗറിയിലെ ആഢംബര റിയല്‍ എസ്റ്റേറ്റ് വില്‍പ്പനയുടെ 82 ശതമാനവും സിംഗിള്‍-ഫാമിലി ഡിറ്റാച്ച്ഡ് വീടുകളാണ്. ലക്ഷ്വറി കോണ്ടോമിനിയം വിപണിയും നേട്ടം കൈവരിച്ചു. മുന്‍ വര്‍ഷത്തേക്കാള്‍ 31 ശതമാനം ഉയര്‍ന്ന് 2024 ല്‍ 71 കോണ്ടോകള്‍ ഒരു മില്യണ്‍ ഡോളറിലധികം വിലയ്ക്കാണ് വിറ്റത്.