രാജ്യത്തിന് ഭീഷണിയായവരുടെ പൌരത്വം റദ്ദാക്കാനുള്ള പദ്ധതികളുമായി സ്വീഡൻ

By: 600110 On: Jan 16, 2025, 10:39 AM

 

ദേശീയ സുരക്ഷയ്ക്ക് ഭീഷണിയെന്ന് കണ്ടെത്തുന്നവരുടെ പൗരത്വം റദ്ദാക്കാൻ പദ്ധതിയിട്ട്  സ്വീഡൻ. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായ കുറ്റകൃത്യങ്ങൾ ചെയ്യുന്ന ഇരട്ട പൗരത്വം ഉള്ള ആളുകളുടെ പൗരത്വം എടുത്തു കളയാനാണ്  സ്വീഡനിലെ രാഷ്ട്രീയ പാർട്ടികൾ ധാരണയിലെത്തിയത്. പൗരത്വം നേടുന്നതിന് കൈക്കൂലിയോ തെറ്റായ വിവരങ്ങളോ ഉപയോഗിച്ച ആളുകളുടെ പൗരത്വം റദ്ദാക്കണമെന്ന്  ഒരു ക്രോസ്-പാർട്ടി കമ്മിറ്റിയും ശുപാർശ ചെയ്തു. കൂടാതെ, അവർ രാജ്യത്തിന് ഭീഷണിയായതോ, അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അധികാരപരിധിയിൽ വരുന്ന കുറ്റകൃത്യങ്ങളോ ചെയ്തിട്ടുണ്ടെങ്കിൽ പൗരത്വം എടുത്തു കളയണമെന്നും ഇവർ ശുപാർശ ചെയ്യുന്നു.

സ്വീഡൻ്റെ ഭരണഘടന അനുസരിച്ച് പൗരത്വം റദ്ദാക്കുന്നത് നിലവിൽ അനുവദനീയമല്ല. ഈ നിയമങ്ങൾ മാറ്റുന്നത് സംബന്ധിച്ച് അടുത്ത വർഷം പാർലമെൻ്റിൽ വോട്ടെടുപ്പ് നടക്കാനിരിക്കുകയാണ്. കുറ്റവാളി ഗാങ്ങുകളുടെ പൗരത്വം റദ്ദാക്കുന്നതിനോട് ഇടതു പ്രതിപക്ഷ പാർട്ടികൾ യോജിക്കുന്നില്ല. ഈ നീക്കത്തെ പിന്തുണയ്ക്കില്ലെന്ന്   ഇടതുപക്ഷവും ഗ്രീൻ പാർട്ടിയും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഭരണപക്ഷവും കുടിയേറ്റ വിരുദ്ധ നിലപാടുകളുള്ള സ്വീഡൻ ഡെമോക്രാറ്റുകളും നിലവിലെ നിയമങ്ങളിൽ മാറ്റം വേണമെന്ന നിലപാടുകാരാണ്. സംഘം ചേർന്നുള്ള കുറ്റകൃത്യങ്ങളും വെടിവെയ്പുകളും കൂടുന്നത്  പരിഹരിക്കാൻ ഇതാവശ്യമാണെന്നും ഇവർ വാദിക്കുന്നു.