വിദ്യാർഥികളായി കാനഡയിലെത്തി പഠനത്തിന് ഹാജരാകാത്തവരാകാത്തവരിൽ കൂടുതൽപ്പേരും ഇന്ത്യക്കാർ

By: 600110 On: Jan 16, 2025, 10:10 AM

 

പഠനത്തിനായി കാനഡയിലെത്തിയ വിദേശ വിദ്യാർഥികളിൽ 50,000-ത്തോളം പേർ കോളേജുകളിലും സർവ്വകലാശാലകളിലും ഹാജരായില്ലെന്ന് റിപ്പോർട്ട്. ഇവരെ "നോ-ഷോ" ആയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പഠനത്തിന് എത്താത്തവരിൽ കൂടുതൽ  ഇന്ത്യൻ പൗരന്മാരാണ്. 19,582 ഇന്ത്യൻ വിദ്യാർത്ഥികളാണ് സർക്കാർ കണക്കു പ്രകാരം നോ ഷോ ആയിട്ടുള്ളത്. കഴിഞ്ഞ വസന്തകാലത്തെ രണ്ട് മാസത്തെ സർക്കാർ കണക്കുകൾ ഉദ്ധരിച്ചാണ് ഈ റിപ്പോർട്ട്.

ഗവൺമെൻ്റ് ഡാറ്റ പ്രകാരം ദി ഗ്ലോബ് ആൻഡ് മെയിൽ ആണ് റിപ്പോർട്ട് പുറത്തു വിട്ടത്. ഇമിഗ്രേഷൻ, റെഫ്യൂജീസ്, സിറ്റിസൺഷിപ്പ് കാനഡയുടെ കണക്കനുസരിച്ചുള്ള മൊത്തം അന്താരാഷ്‌ട്ര വിദ്യാർത്ഥികളിൽ 6.9 ശതമാനവും  ഇത്തരത്തിലുള്ളവരാണ്. 2014-ൽ നടപ്പിലാക്കിയ ഇൻ്റർനാഷണൽ സ്റ്റുഡൻ്റ് കംപ്ലയൻസ് റെജിമിന് കീഴിൽ, വിദ്യാർത്ഥികളുടെ ഹാജർ നിലയെക്കുറിച്ചും പഠനാനുമതികൾ പാലിക്കുന്നതിനെക്കുറിച്ചും വിദ്യാഭ്യാസ സ്ഥാപനങ്ങൾ വർഷത്തിൽ രണ്ടുതവണ റിപ്പോർട്ട് ചെയ്യേണ്ടതുണ്ട്. വ്യാജ വിദ്യാർത്ഥികളെ കണ്ടെത്താനും സംശയാസ്പദമായ സ്കൂളുകളെ തിരിച്ചറിയാൻ പ്രവിശ്യകളെ സഹായിക്കാനുമാണ് ഇൻ്റർനാഷണൽ സ്റ്റുഡൻ്റ് കംപ്ലയൻസ് റെജിം രൂപകൽപ്പന ചെയ്തിരിക്കുന്നത് . 2024 മാർച്ച്, ഏപ്രിൽ മാസങ്ങളിൽ, കോളേജുകളും സർവ്വകലാശാലകളും 144 രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെ IRCC യിലേക്ക് റിപ്പോർട്ട് ചെയ്തു. ഏറ്റവും ഉയർന്ന "നോ-ഷോ" നിരക്കുകളുള്ള ആദ്യ 10 രാജ്യങ്ങളിൽ ഇറാനും ചൈനയുമുണ്ട്.